ന്യൂഡൽഹി
വൈസ് ചാൻസലർ നിയമനത്തിൽ ഉൾപ്പെടെ ഗവർണറുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന നിയമഭേദഗതി അംഗീകരിച്ച് മഹാരാഷ്ട്രയിലെ കോണ്ഗ്രസ് സഖ്യസർക്കാർ. ഉന്നതവിദ്യാഭ്യാസ മന്ത്രിക്ക് പ്രോ ചാൻസലർ പദവി നൽകി, വിസി നിയമന നടപടിക്രമത്തില് കാര്യമായ മാറ്റംവരുത്തും.
ചാൻസലറായ ഗവർണർ ഭഗത്സിങ് ഖോഷ്യാരിയുടെ അധികാരം വെട്ടിച്ചുരുക്കുന്നതാണ് നടപടി. 2016ലെ മഹാരാഷ്ട്ര പൊതു സര്വകലാശാല നിയമത്തിന്റെ ഭേദഗതിക്ക് മന്ത്രിസഭ അംഗീകാരം നല്കി. ഉന്നതവിദ്യാഭ്യാസ മേഖലയിൽ ഉൾപ്പെടെ ഗവർണർ സമാന്തര അധികാരകേന്ദ്രമാകാൻ ശ്രമിക്കുന്നതും ആർഎസ്എസ് അനുഭാവികളെ വിസിമാരാക്കാൻ ഉത്സാഹിക്കുന്നതുമാണ് നിയമഭേദഗതി കൊണ്ടുവരാൻ ശിവസേന–-കോൺഗ്രസ്–-എൻസിപി സർക്കാരിനെ പ്രേരിപ്പിച്ചത്. വിസി നിയമനത്തിൽ ഉൾപ്പെടെ സർക്കാരും ഗവർണറും പലവട്ടം കൊമ്പുകോർത്തു.
നിയമഭേദഗതി പ്രകാരം വിസി നിയമനത്തിൽ കാര്യമായ മാറ്റംവരും. യോഗ്യരായ അഞ്ചു പേരുടെ പട്ടിക സെർച്ച് കമ്മിറ്റിക്ക് കൈമാറി, അതിൽനിന്ന് ഗവർണർ ഒരാളെ തെരഞ്ഞെടുക്കുകയാണ് പതിവ്. ഭേദഗതി പ്രകാരം സെർച്ച് കമ്മിറ്റി അഞ്ച് പേര് സംസ്ഥാന സർക്കാരിന് കൈമാറണം. ഇതിൽനിന്ന് സർക്കാർ രണ്ടു പേര് ഗവർണറുടെ പരിഗണനയ്ക്ക് വിടും. പ്രൊ വിസി നിയമനത്തിന് മൂന്നു പേരുകള് സർക്കാർ കൈമാറും. നിയമഭേദഗതിയിലൂടെ പ്രോ ചാൻസലർക്ക് സർവകലാശാലയുടെ ഭരണച്ചുമതല നല്കി. പുതിയ നിയമഭേദഗതിയോട് രാജ് ഭവൻ വൃത്തങ്ങൾ പ്രതികരിച്ചില്ല.