ന്യൂഡൽഹി
ജനാധിപത്യവിരുദ്ധമായി സസ്പെൻഡ് ചെയ്യപ്പെട്ട 12 എംപിമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ലോക്സഭ, രാജ്യസഭ അംഗങ്ങൾ. പാർലമെന്റിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽനിന്ന് വിജയ്ചൗക്കിലേക്ക് പ്രതിപക്ഷ എംപിമാർ പ്രതിഷേധ മാർച്ച് നടത്തി. ജനാധിപത്യസംവാദത്തിന് അവസരം നൽകാതെ മോദിസർക്കാർ പാർലമെന്റിനെ മ്യൂസിയമാക്കി മാറ്റിയെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു.
എന്തൊക്കെ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വന്നാലും കേന്ദ്രസർക്കാരിന്റെ അധികാരധാർഷ്ട്യത്തിന് മുന്നിൽ കീഴടങ്ങില്ലെന്ന് സിപിഐ എം രാജ്യസഭാകക്ഷി നേതാവ് എളമരം കരീം പറഞ്ഞു. കർഷകരുടെ പോരാട്ടവീര്യത്തിന് മുന്നിൽ കീഴടങ്ങിയ മോദി സർക്കാരിന് എംപിമാരുടെ സമരത്തിന് മുന്നിലും കീഴടങ്ങേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എംപിമാരായ തിരുച്ചിശിവ (ഡിഎംകെ), സഞ്ജയ്റൗട്ട് (ശിവസേന), മനോജ്കുമാർ ഝാ (ആർജെഡി), ബിനോയ് വിശ്വം (സിപിഐ), ഇ ടി മുഹമ്മദ് ബഷീർ(മുസ്ലിം ലീഗ്), വന്ദനാചവാൻ (എൻസിപി), ഡോളാസിങ് (തൃണമൂൽ കോൺഗ്രസ്), ടി തിരുമാവളവൻ (വിസികെ), വിശ്വംഭർ പ്രസാദ് നിഷാദ് (സമാജ്വാദി) തുടങ്ങിയവർ സംസാരിച്ചു. മല്ലികാർജുൻ ഖർഗെ, പി ചിദംബരം, ആനന്ദ്ശർമ, കെ, സോമപ്രസാദ്, എ എം ആരിഫ്, ജോൺ ബ്രിട്ടാസ്, വി ശിവദാസൻ, സു വെങ്കടേശൻ, ജോസ് കെ മാണി, തോമസ് ചാഴിക്കാടൻ, ശ്രേയാംസ്കുമാർ, പ്രിയങ്കാചഥുർവേദി, എൻ കെ പ്രേമചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.
കേന്ദ്ര നിലപാട് അവഹേളനം:
ഇടതുപക്ഷ എംപിമാർ
ജനാധിപത്യവിരുദ്ധമായി സസ്പെൻഡ് ചെയ്യപ്പെട്ട എംപിമാരെ തിരിച്ചെടുക്കുന്നതില് ചർച്ചക്കുപോലും കേന്ദ്രം തയ്യാറാകുന്നില്ലെന്ന് ഇടതുപക്ഷ എംപിമാർ. പ്രതിപക്ഷം ആവർത്തിച്ചിട്ടും സർക്കാർ ചർച്ചയ്ക്ക് തയ്യാറായില്ലെന്ന് സിപിഐ എം രാജ്യസഭാകക്ഷി നേതാവ് എളമരം കരീം ചൂണ്ടിക്കാട്ടി. സസ്പെൻഷൻ പിൻവലിക്കാൻ മാപ്പുപറയണമെന്ന ആവശ്യം അംഗീകരിക്കില്ലെന്ന് എംപിമാർ വ്യക്തമാക്കിയിട്ടുണ്ട്. പാർലമെന്ററി മന്ത്രിയും രാജ്യസഭാ അധ്യക്ഷനും ഇക്കാര്യം ആവർത്തിച്ച് ആവശ്യപ്പെട്ട് പ്രതിപക്ഷ എംപിമാരെ അവഹേളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സസ്പെൻഡ് ചെയ്യപ്പെട്ടവരെ ഒറ്റപ്പെടുത്താനുള്ള നീക്കംപരാജയപ്പെട്ടെന്ന് ജോൺബ്രിട്ടാസ് ചൂണ്ടിക്കാട്ടി. ജനകീയപ്രശ്നങ്ങൾ ഉന്നയിക്കുന്നവരെ പുറത്താക്കുന്ന ഏകാധിപത്യപ്രവണതയാണ് സർക്കാരിന്റേതെന്ന് വി ശിവദാസൻ പറഞ്ഞു. ജനാധിപത്യമൂല്യങ്ങളെ മോദി സർക്കാർ അടിച്ചമർത്തുന്നത് എങ്ങനെയാണെന്ന് ലോകം ഉറ്റുനോക്കുകയാണെന്ന് ബിനോയ് വിശ്വം ഓർമിപ്പിച്ചു.