തിരുവനന്തപുരം
സ്ത്രീധനത്തിനും സ്ത്രീപീഡനത്തിനുമെതിരെ കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ ബൃഹത്തായ പ്രചാരണം സംഘടിപ്പിക്കുന്നു. സ്ത്രീപക്ഷ നവകേരളം എന്ന പരിപാടി 18ന് പകൽ മൂന്നിന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി എം വി ഗോവിന്ദൻ അധ്യക്ഷനാകും. സ്ത്രീപക്ഷ നവകേരളം പരിപാടിയുടെ അംബാസഡർ നടി നിമിഷ സജയനാണ്.
സ്ത്രീവിരുദ്ധമായ പ്രവർത്തനങ്ങളെയും ചിന്തകളെയും ഇല്ലാതാക്കി ലിംഗഭേദമില്ലാത്ത സമൂഹ സൃഷ്ടിക്കാണ് പദ്ധതിയെന്ന് മന്ത്രി എം വി ഗോവിന്ദൻ പറഞ്ഞു. അന്താരാഷ്ട്ര വനിതാദിനമായ മാർച്ച് എട്ടുവരെ നീളുന്ന ഒന്നാംഘട്ട ക്യാമ്പയിനും തുടർപരിപാടികളും സംഘടിപ്പിക്കും.
സമൂഹം ഒന്നാകെ ഉയർന്ന് ചിന്തിക്കണം:
നിമിഷ സജയൻ
സ്ത്രീപദവിയും തുല്യതയും ഉറപ്പാക്കാൻ സമൂഹമൊന്നാകെ ഉയർന്ന് ചിന്തിക്കണമെന്ന് സ്ത്രീപക്ഷ നവകേരളം ക്യാമ്പയിൻ അംബാസഡറായ നടി നിമിഷ സജയൻ പറഞ്ഞു. കുടുംബശ്രീ മിഷൻ സംഘടിപ്പിക്കുന്ന പരിപാടിയിൽ നിറഞ്ഞ സന്തോഷത്തോടെയും അഭിമാനത്തോടെയുമാണ് പങ്കാളിയാകുന്നത്. സ്ത്രീപീഡനം സംബന്ധിച്ചുള്ള വാർത്തകളും ക്രൂരസംഭവങ്ങളും സമൂഹത്തെ വല്ലാതെ അസ്വസ്ഥമാക്കുന്നു. പുരോഗമനസമൂഹത്തിന് ചേരാത്തതും നമ്മുടെ നേട്ടങ്ങളെ ഇല്ലാതാക്കുന്നതുമായ സ്ത്രീവിരുദ്ധമായ പ്രവണതകൾ വർധിച്ചുവരുന്നത് ഗുരുതരമാണ്.
ഇതിനെ മറികടക്കാനാണ് സംസ്ഥാന സർക്കാർ സ്ത്രീപക്ഷ നവകേരളം എന്ന മുദ്രാവാക്യവുമായി മുന്നോട്ടുവരുന്നതെന്നും നിമിഷ സജയൻ പറഞ്ഞു.