ന്യൂഡൽഹി
ലഖിംപുർ ഖേരി കേസിലെ എസ്ഐടി റിപ്പോർട്ട് കർഷകർ തുടക്കംമുതൽ ഉന്നയിക്കുന്ന ആരോപണങ്ങൾ സത്യമെന്ന് സ്ഥിരീകരിക്കുന്നതാണെന്ന് സംയുക്ത കിസാൻ മോർച്ച. ലഖിംപുർ ഖേരി കേസ് ആസൂത്രിത ഗൂഢാലോചനയാണെന്നാണ് എസ്ഐടി റിപ്പോർട്ടിൽ പറയുന്നത്. സംയുക്ത കിസാൻമോർച്ചയും കർഷകരും ഇക്കാര്യം തുടക്കംമുതൽ ഉന്നയിക്കുന്നതാണ്. ഈ സാഹചര്യത്തിൽ ഗൂഢാലോചനയിൽ പങ്കാളികളായ കുറ്റവാളികളെ സംരക്ഷിക്കുന്നതിൽനിന്ന് മോദി സർക്കാർ പിന്മാറണം. കേസിലെ മുഖ്യ ആസൂത്രകൻ കേന്ദ്ര ആഭ്യന്തരസഹമന്ത്രി അജയ് മിശ്രയെ ഉടൻ മന്ത്രിസഭയിൽനിന്ന് പുറത്താക്കി അറസ്റ്റ് ചെയ്യണം. ലഖിംപുർ -ഖേരിയിൽ ജീവൻ പൊലിഞ്ഞ കർഷകർക്ക് നീതി ഉറപ്പാക്കുംവരെ പോരാട്ടം തുടരുമെന്നും കിസാൻ മോർച്ച പ്രസ്താവനയിൽ പറഞ്ഞു.