വൈത്തിരി
രാജ്യത്ത് ഹിന്ദുഭരണം വേണമെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവന ഭരണഘടനാ വിരുദ്ധവും അസംബന്ധവുമാണെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു. പ്രസംഗത്തിലൂടെ കോൺഗ്രസിനെയും പാരമ്പര്യത്തെയും അപമാനിക്കുകയാണ് രാഹുൽ ചെയ്തത്. സിപിഐ എം വയനാട് ജില്ലാ സമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
സംഘപരിവാർ ആശയം മറ്റൊരു രൂപത്തിൽ അവതരിപ്പിക്കുകയാണ് രാഹുൽ ചെയ്തത്. മുൻകാല പ്രാബല്യത്തോടെ ഇത് നടപ്പാക്കുകയാണെങ്കിൽ മൻമോഹൻസിങ്ങിനും ജവാഹർലാൽ നെഹ്റുവിനുംപോലും പ്രധാനമന്ത്രിയാകാൻ കഴിയില്ലായിരുന്നു. താനൊരു ഹിന്ദുവല്ലെന്ന് നെഹ്റു പറഞ്ഞിരുന്നു. ബിജെപിയെ നേരിടാൻ ഹിന്ദുരാജ്യമാണ് തങ്ങളുടെ ലക്ഷ്യമെന്ന് പറയുന്നത് ലജ്ജാകരവും വിഡ്ഢിത്തവുമാണ്. മതം ഇന്ത്യയുടെ ഭരണത്തിലേറാനുള്ള മാനദണ്ഡമല്ല. ദൈവനാമത്തിലും ദൃഢപ്രതിജ്ഞയിലും സത്യപ്രതിജ്ഞചെയ്യാൻ അവകാശമുള്ള രാജ്യമാണ് ഇന്ത്യ. ഭരണഘടനാ തത്വങ്ങൾ അറിയാത്തതുകൊണ്ടാകില്ല രാഹുൽ ഗാന്ധിയുടെ പ്രസ്താവന. മതവർഗീയതയുടെ പക്ഷത്തുതന്നെയാണ് തങ്ങളെന്ന് പറഞ്ഞുവയ്ക്കുകയാണ്.
ഗവർണർ ആരിഫ് മൊഹമ്മദ് ഖാന്റേത് അസാധാരണ നീക്കമാണ്. കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ രംഗം ഏറെ മെച്ചമാണ്. വിദ്യാഭ്യാസ രംഗത്ത് ഇന്ത്യയും അമേരിക്കയും സഹകരിക്കാൻ തീരുമാനിച്ചപ്പോൾ അഞ്ച് സ്ഥാപനങ്ങളെയാണ് തെരഞ്ഞെടുത്തത്. അതിലൊന്ന് മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി സെന്ററായിരുന്നു. കണ്ണൂർ യൂണിവേഴ്സിറ്റി സന്ദർശിച്ച മുൻ ഉപരാഷ്ട്രപതി ഹമീദ് അൻസാരി നൂറിൽ നൂറ് മാർക്കും നൽകിയാണ് തിരികെപോയത്. ഇതൊന്നും നമ്മുടെ ഗവർണർക്ക് അറിയാഞ്ഞിട്ടാണെന്ന് വിശ്വസിക്കുന്നില്ലെന്നും എം എ ബേബി പറഞ്ഞു.