തെരഞ്ഞെടുപ്പ് അടുക്കുമ്പോഴാണ് ഹിന്ദുത്വ സമീപനം കോണ്‍ഗ്രസ് മറയില്ലാതെ തുറന്നുകാട്ടുന്നത്. ചില ഉദാഹരണങ്ങൾ:
ശിവഭക്തനാണെന്ന്
‘ഞാൻ ശിവഭക്തനാണ്. ബിജെപി എന്തുപറഞ്ഞാലും ഞാൻ എന്റെ സത്യത്തിൽ വിശ്വസിക്കുന്നു’ –-ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പാടാനിലെ വീർമേഘ്മയ ക്ഷേത്രം സന്ദർശിച്ച രാഹുൽ പറഞ്ഞു. 25 ക്ഷേത്രമാണ് പ്രചാരണത്തിനിടെ സന്ദർശിച്ചത്.
(2017 നവംബർ 14)
ഭക്തി തെളിയിക്കാൻ പൂജ
മധ്യപ്രദേശ് തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കേ രാഹുൽ മഹാകാളീശ്വർ ക്ഷേത്രത്തിലെത്തി പൂജ നടത്തി. ‘ശിവഭക്തനായ രാഹുലിന് സ്വാഗതം’ എന്ന് വ്യാപകമായി ഫ്ലക്സ് ഉയർത്തി. (2018 ഒക്ടോബർ 28)
‘ഞാനും കശ്മീരി പണ്ഡിറ്റ്’
‘എന്റെ കുടുംബത്തിന് ജമ്മു കശ്മീരുമായി നീണ്ട ബന്ധമുണ്ട്. ഞാനും കുടുംബവും കശ്മീരി പണ്ഡിറ്റുകളാണ്. മാതാ വൈഷ്ണോദേവി ക്ഷേത്രം സന്ദർശിച്ചപ്പോൾ വീട്ടിൽ എത്തിയപോലെയാണ് തോന്നിയത്. കൈ എന്നാൽ ഭയപ്പെടേണ്ട എന്നാണ് അർഥം. ശിവന്റെയും വാഹെ ഗുരുവിന്റെയും കൈകളുടെ ചിത്രങ്ങൾ നിങ്ങൾക്ക് കാണാം’–-കശ്മീരിൽ പൊതുയോഗത്തിൽ രാഹുല്‍ പറഞ്ഞു. (2021 സെപ്തംബർ 12)
വയനാട്ടിൽ ലീഗിന്റെ കൊടി വേണ്ട
വയനാട്ടിൽനിന്ന് ലോക്സഭയിലേക്ക് മത്സരിച്ചപ്പോൾ രാഹുൽ പങ്കെടുത്ത പരിപാടികളിൽ മുസ്ലിംലീഗിന്റെ പച്ചക്കൊടി വിലക്കി. ഉത്തരേന്ത്യയിലെ ഹിന്ദു വോട്ട് നഷ്ടമാകുമെന്ന ഭയമായിരുന്നു ഇതിനു പിന്നിൽ. എന്നാല്‍, വയനാട്ടിൽ ഹിന്ദു വോട്ട് ലക്ഷ്യമിട്ട് ക്ഷേത്രദർശനം നടത്തി.
ലിങ്കായത്തിന് ന്യൂനപക്ഷപദവി
കർണാടകത്തിലെ ലിങ്കായത്ത് സമുദായത്തെ ഒപ്പംനിർത്താൻ ന്യൂനപക്ഷപദവി നൽകാമെന്ന വാഗ്ദാനമാണ് കോൺഗ്രസ് മുന്നോട്ടുവച്ചത്. രാഹുൽ പ്രചാരണത്തിനിടെ വീര്യശൈവ ലിങ്കായത്ത് മഠങ്ങളിൽ സന്ദർശിച്ചു.
യുപിയിൽ ഹിന്ദുത്വ കാർഡ്
യുപി തെരഞ്ഞെടുപ്പിൽ 2017ല്‍ രാഹുലും കോൺഗ്രസും പ്രയോഗിച്ചത് സംഘപരിവാറിന്റെ അതേനയം. രാഹുൽ ക്ഷേത്രങ്ങൾ കയറി ഇറങ്ങി.