ന്യൂഡൽഹി
ഇന്ത്യയിൽ ഹിന്ദു ഭരണമാണ് വേണ്ടതെന്ന രാഹുൽ ഗാന്ധിയുടെ പ്രഖ്യാപനത്തിലൂടെ ആർഎസ്എസിന്റെയും സംഘപരിവാറിന്റെയും മതവർഗീയ പാതയിൽത്തന്നെയാണ് കോൺഗ്രസ് എന്ന് വ്യക്തമാവുകയാണ്. കാലങ്ങളായി തുടരുന്ന മൃദുഹിന്ദുത്വ സമീപനം ആർഎസ്എസിന് സമാനമായി തീവ്രമാക്കുകയാണ് കോൺഗ്രസ്.
കോൺഗ്രസിന്റെ ഹൈന്ദവവൽക്കരണമാണ് ആർഎസ്എസ് താൽപ്പര്യപ്പെടുന്നത്. 2018ൽ ഡൽഹിയിൽ ബിജെപി നേതാക്കൾകൂടി പങ്കെടുത്ത ചടങ്ങിൽ ആർഎസ്എസ് തലവൻ മോഹൻ ഭാഗവത് പറഞ്ഞത് പ്രസക്തം. ‘കോൺഗ്രസ് മുക്ത ഭാരതം ആർഎസ്എസ് താൽപ്പര്യപ്പെടുന്നില്ല. ബിജെപിയുടെ വിജയത്തിന് കോൺഗ്രസ് അനിവാര്യം. തമിഴ്നാട്, ഒഡിഷ, ആന്ധ്ര തുടങ്ങി കോൺഗ്രസ് ദുർബലമായ സ്ഥലങ്ങളിൽ ബിജെപിക്ക് ജയിക്കാനാകുന്നില്ല.
പ്രാദേശിക പാർടികൾ ശക്തമായ സ്ഥലങ്ങളിൽ മുന്നേറ്റം ബുദ്ധിമുട്ടാണ്. യൂറോപ്പിലും യുഎസിലും രാഷ്ട്രീയം ക്രിസ്ത്യൻ കേന്ദ്രീകൃതമാണ്. ഇന്ത്യൻ രാഷ്ട്രീയം ഹിന്ദു കേന്ദ്രീകൃതമാകണം. 85 ശതമാനം വരുന്ന ഹിന്ദുക്കളിൽ നിന്ന് കോൺഗ്രസ് അകലാൻ ആർഎസ്എസ് താൽപ്പര്യപ്പെടുന്നില്ല’–- ഭാഗവത് പറഞ്ഞു. ഭാഗവത് നിർദേശിച്ച ശൈലിയിലാണ് കോൺഗ്രസിന്റെ പോക്കെന്ന് വ്യക്തം.
ന്യൂനപക്ഷങ്ങൾക്ക് അവഗണന
10 ശതമാനം ന്യൂനപക്ഷങ്ങളുള്ള ഗുജറാത്തിൽ 2017 നിയമസഭാ തെരഞ്ഞെടുപ്പിൽ 182 സീറ്റിൽ അഞ്ചിടത്ത് മാത്രമായിരുന്നു കോൺഗ്രസിന് ന്യൂനപക്ഷ സ്ഥാനാർഥികൾ.
20 ശതമാനത്തിനടുത്ത് ന്യൂനപക്ഷങ്ങളുള്ള യുപിയിൽ 2017ൽ 105 സീറ്റിൽ മത്സരിച്ചപ്പോൾ ഏഴു സീറ്റിൽ മാത്രമായിരുന്നു ന്യൂനപക്ഷങ്ങൾ.
12 ശതമാനം ന്യൂനപക്ഷങ്ങളുള്ള മഹാരാഷ്ട്രയിൽ 145 സീറ്റിൽ മത്സരിച്ചപ്പോൾ ഒമ്പതിടത്തുമാത്രം. 90 സീറ്റുള്ള ഹരിയാനയിൽ ആറിൽ മാത്രമാണ് കോൺഗ്രസിന് ന്യൂനപക്ഷസ്ഥാനാർഥി.
ബിജെപിക്ക് ‘കൈ’സഹായം
യുപിയിൽ വർഗീയ കാർഡിറക്കിയുള്ള വോട്ട് ധ്രുവീകരണത്തിന് സംഘപരിവാർ പരമാവധി ശ്രമിക്കുന്ന ഘട്ടത്തിൽ രാഹുലിന്റെ ‘ഹിന്ദു ഭരണം’ പ്രസ്താവന ബിജെപിക്ക് നേട്ടം. കർഷക സമരം സൃഷ്ടിച്ച ആഘാതം യുപിയിൽ തിരിച്ചടിയാകുമോയെന്ന് ബിജെപി ശങ്കിച്ച് നില്‍ക്കെയാണ് വീണ്ടും മതവർഗീയതയിലേക്ക് അജൻഡ മാറ്റാൻ രാഹുൽ കളമൊരുക്കിയത്. യുപിയിൽ എല്ലാ സീറ്റിലും മത്സരിച്ച് മതനിരപേക്ഷ വോട്ടുകളിൽ വിള്ളൽ വീഴ്ത്തുന്നതിനൊപ്പമാണ് ഹിന്ദുത്വ അജൻഡയിലേക്ക് ചർച്ച വഴിതിരിച്ചുവിട്ടുകൂടി ബിജെപിക്ക് ‘കൈ’ സഹായം.
യുപി, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പുർ നിയമസഭയിലേക്കാണ് അടുത്ത വർഷമാദ്യം തെരഞ്ഞെടുപ്പ്. പഞ്ചാബ് ഒഴികെ നാലിടത്തും ബിജെപി ഭരണം. ഒരു വർഷംനീണ്ട കർഷകസമരം യുപി അടക്കമുള്ള സംസ്ഥാനങ്ങളിൽ ജനവികാരം എതിരാക്കിയെന്ന തിരിച്ചറിവ് ബിജെപിക്കുണ്ട്. ഉത്തരാഖണ്ഡിലും ഗോവയിലും മണിപ്പുരിലുമെല്ലാം ഭരണവിരുദ്ധവികാരം ശക്തമാണ്. ഇത് തിരിച്ചറിഞ്ഞാണ് കാർഷിക നിയമങ്ങൾ മോദി പിൻവലിച്ചത്.
കർഷകപ്രശ്നവും വിലക്കയറ്റവും ഉയർത്തിയാണ് യുപിയില്‍ എസ്പിയുടെ അഖിലേഷിന്റെ പ്രചാരണം. അഖിലേഷ് സംഘടിപ്പിച്ച റാലികൾ ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. മറുവശത്ത് ഠാക്കൂർ വിഭാഗക്കാരനായ യോഗി ആദിത്യനാഥിനെ വീണ്ടും മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഉയർത്തിക്കാട്ടുന്നതിനെതിരായി വലിയ വികാരം ഉയർന്നിട്ടുണ്ട്. നിലവിൽ ബിജെപി ക്യാമ്പ് ആശങ്കയിലാണ്. മതവർഗീയ വിഷയങ്ങളിലേക്ക് അജൻഡ പരമാവധി മാറ്റാനാണ് ബിജെപി ശ്രമിക്കുന്നത്. ഹിന്ദുത്വവികാരം ലക്ഷ്യമിട്ടാണ് മോദിയുടെ കാശി സന്ദർശനമടക്കമുള്ള പരിപാടികള്‍. ബിജെപിയുടെ ശ്രമങ്ങൾക്ക് ബലം പകരുന്നതാണ് രാഹുലിന്റെ പ്രസ്താവന.