മനാമ > ഇന്ത്യയുടെ ഭരണഘടനയെയും സംസ്കാരത്തെയും ജനാധിപത്യത്തെയും മാറ്റിമറിക്കാനുള്ള ശ്രമമാണ് ഭരണകൂടം നടത്തുന്നതെന്ന് പ്രശസ്ത സാഹിത്യകാരനും പുരോഗമന കലാ സാഹിത്യ സംഘം ജനറല്‍ സെക്രട്ടറയുമായ അശോകന് ചരുവില്‍ പറഞ്ഞു. സാമ്രാജ്യത്വത്തിന്റെ പിന്തുണയോടെ വീണ്ടും കടന്നു വന്ന വര്‍ണവിവേചനത്തിന്റെ നാമ്പുകള്‍ ഉപയോഗപ്പെടുത്തിയാണ് ഇന്ത്യയില്‍ മതതീവ്രവാദ ശക്തികള്‍ അധികാരത്തിലേറിയത്. ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമല്ലാത്തവരാണ് ഇവരെന്നും അദ്ദേഹം പറഞ്ഞു.
സ. പി ബിജു നഗറില്‍(കെസിഎ ഹാള്‍) ബഹ്റൈന്‍ പ്രതിഭ കേന്ദ്ര സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദേശീയ വിപ്ലവ പ്രസ്ഥാനത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിസ്റ്റുകാരാണ് ആദ്യമായി പൂര്‍ണ്ണസ്വരാജ് എന്ന മുദ്രാവാക്യം ഉയര്‍ത്തിയതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പിന്നീട് വര്‍ഷങ്ങള്‍ക്കു ശേഷമാണ് കോണ്‍ഗ്രസ് അടക്കമുള്ളവര്‍ ഈ മുദ്രാവാക്യം ഏറ്റെടുത്തത്. സ്വാതന്ത്ര്യസമര പോരാളികള്‍ അവരുടെ പോരാട്ടത്തിലൂടെ ഉയര്‍ത്തിക്കൊണ്ടുവന്ന മാനവിക മൂല്യങ്ങളാണ് ഇന്ത്യന്‍ ഭരണഘടനയുടെ അന്തഃസത്തയായി മാറിയത്. ആ അന്തഃസത്തയാണ് ഇന്ത്യയെ നിലനിര്‍ത്തുന്നത്. ഇന്ത്യയെ ഇത്രയും കാലം ഐക്യത്തോടെ നിലനിര്‍ത്തിയത് ഈ മാനവിക മൂല്യങ്ങളാണ്. എല്ലാവര്ക്കും അവരവരുടെ വിശ്വാസ പ്രമാണങ്ങള്‍ പുലര്ത്തിപ്പോകാനുള്ള അവകാശം ഇന്ത്യന്‍ ഭരണഘടന വാഗ്ദാനം ചെയ്യുന്നു. അതില്‍ എന്തെങ്കിലും ലംഘനമുണ്ടായാല്‍ പിന്നെ ഇന്ത്യ എന്നതിന് നിലനില്പില്ല.
ഇന്ത്യ എന്ന ഉപഭൂഖണ്ഡത്തിലെ ജനങ്ങള്‍ക്ക് ഒന്നിച്ചു നില്ക്കാന് കഴിയും എന്ന് ആദ്യമായി ചരിത്രത്തില്‍ തെളിയിക്കപ്പെട്ട ഒരു ഘട്ടമാണ് ഇന്ത്യന്‍ ദേശീയ പ്രസ്ഥാനം. അത് എങ്ങനെ സാധ്യമായി എന്നു പലരും അത്ഭുതപ്പെട്ടിട്ടുണ്ട്. കാരണം, നിരവധി ഭാഷകളും വിശ്വാസങ്ങളും ആരാധനാ രീതികളും വ്യത്യസ്തമായ നരവംശ വിഭാഗങ്ങളുമുള്ള ഒരു രാജ്യമാണ് നമ്മുടേത്. ഒരിക്കല്‍പോലും അത് യോജിച്ചുനിന്നിട്ടില്ല. വരേണ്യവര്‍ഗ ചിന്താഗതികളോട് ചേര്‍ന്നുനിന്നാണ് ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ ഭരണം നടത്തിയത്. വിഘടിച്ചു നിന്നിരുന്ന എല്ലാ വിഭാഗത്തിലും പെട്ട മനുഷ്യര്‍ ഒരു കുട കീഴില്‍ അണിനിരന്നുകൊണ്ട് ബ്രിട്ടീഷുകാര്‍ക്കെതിരെ രംഗത്തുവന്നു. മാനവികത, സാമൂഹിക നീതി, ജനാധിപത്യം, മതേതരത്വം, ന്യൂനപക്ഷാവകാശം എന്നിവ ദേശീയ പ്രസ്ഥാനത്തിലൂടെ ഉയര്‍ന്നുവന്നതാണ്.
വീടുകളാണ് ലോകത്തിലെ സാമ്രാജ്യത്വത്തെയും അതിന്റെ ഭാഗമായുള്ള നാടുവാഴിത്തത്തെയും മതരാഷ്ട്ര വാദത്തെയും അന്യമത വിദ്വേഷത്തെയും ക്ഷണിക്കുന്നതതെന്ന് അദ്ദേഹം പറഞ്ഞു. പ്രത്യക്ഷത്തില്‍ പുരോഗമന വാദികളാകമ്പോഴും നമ്മുടെ വീടുകള്‍ അന്യമത വിദ്വേഷംകൊണ്ട് തിളക്കുകയാണ്. വീടിനെ ഒരു ഇരുണ്ട, യാഥാസ്ഥിതിക ലോകമായി, മധ്യകാലഘട്ടത്തിലെ പ്രാകൃത ലോകമായി നമ്മള് നിലനിര്‍ത്തുകയാണ്. എന്നിട്ട് അതിനെക്കുറിച്ച് ഗൃഹാതുരമായി പറഞ്ഞുകൊണ്ടിരിക്കുന്നു. ഈ അവസ്ഥയെ മാറ്റിയെടുക്കാതെ മുന്നോട്ട് പോകാന്‍ കഴിയില്ല. കാരണം ലോകം, രാജ്യം, സമൂഹം, കുടുംബം എന്നീ സാഹചര്യങ്ങളും സംസ്കാരവും കൂടി ചേര്‍ന്നാണ് ഒരു മനുഷ്യനെ രൂപപ്പെടുത്തുന്നതെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
കോവിഡ് മഹാമാരിക്കെതിരെ ശാസ്ത്ര ലോകം അഭിമാനകരമായ നേട്ടം കൈവരിച്ചതായി അദ്ദേഹം പറഞ്ഞു. കോവിഡാനന്തരം ഒരു പുതിയ സമൂഹത്തെ യാണ് ലോകം കാണാന്‍ പോകുന്നത്. ശാസ്ത്ര ചിന്തകള്‍ക്ക് മുന്‍തൂക്കം നല്കി, വര്ണ്ണവിവേ ചനത്തിനെതിരെ ചിന്തിക്കുന്ന ഒരു പുതുതല മുറ ഉയര്‍ന്നുവരികയാണ്. കലാ സാംസ്കാരിക പ്രവര്‍ത്തനം മറ്റൊരു പാതയിലൂടെ കടന്നുപോകാന്‍ സാധിക്കുമെന്ന് തെളിയിച്ച കാലം കൂടിയാണ് കടന്നുപോയത്.
സമരങ്ങള്‍ക്ക് മുന്നില്‍ ഏകാധിപ തികള്‍ മുട്ടുമടക്കേണ്ടി വരുമെന്ന സന്ദേശമാണ് കര്‍ഷക സമര വിജയം നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രസിഡണ്ട് കെഎം സതീഷ് അധ്യക്ഷനായി.
സ്വാഗത സംഘം ചെയര്മാന് സുബൈര്‍ കണ്ണൂര്‍ സ്വാഗതം പറഞ്ഞു. ബിന്ദു റാം, ഷീബ രാജീവന്, കെഎം മഹേഷ്, സതീശ് കെഎം എന്നിവരടങ്ങിയ പ്രസിഡിയം സമ്മേളനം നിയന്ത്രിച്ചു. കേന്ദ്ര എക്സിക്യുട്ടീവ് സമ്മേളന സ്റ്റയറിംഗ് കമ്മിറ്റിയായി പ്രവര്‍ത്തിച്ചു.
രാമചന്ദ്രന് രക്ത സാക്ഷി പ്രമേയവും ശിവ കീര്‍ത്തി രവീന്ദ്രന് അനുശോചന പ്രമേയവും ജനറല്‍ സെക്രട്ടറി ലിവിന് കുമാര്‍ വാര്‍ഷിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. സാമ്പത്തിക റിപ്പോര്‍ട്ട് ട്രഷറര്‍ കെ എം. മഹേഷും ഓഡിറ്റ് റിപ്പോര്‍ട്ട് പികെ അനില്‍ കുമാറും അവതരിപ്പിച്ചു. ചര്‍ച്ചക്ക് ലിവിന് കുമാര്‍ മറുപടി പറഞ്ഞു. മുഖ്യ രക്ഷാധികാരിയായ പി ശ്രീജിത് മുന്‍ ഭാരവാഹികളും രക്ഷാധികാരി സമിതി അംഗങ്ങളുമായ സിവി നാരായണന്, എവി അശോകന്, വീരമണി എന്നിവര്‍ അഭിവാദ്യം ചെയ്തു. മുന്‍ ഭാരവാഹികളായ ബാബു പരുമല, പിടിതോമസ്, പി ചന്ദ്രന്, കെ രാമകൃഷ്ണന്, പിടി നാരായണന്, എന്‍ ഗോവിന്ദന്, പി സതീന്ദ്രന് എന്നിവര്‍ വീഡിയോ വഴിയും സമ്മേളനത്തെ അഭിവാദ്യം ചെയ്തു.
ഷെറീഫ് കോഴിക്കോട് ക്രഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. രാമചന്ദ്രന് (കണ്‍വീനര്‍), ബിനു മണ്ണില്‍, എന്കെഅശോകന്, റാം എന്നിവര്‍ അംഗങ്ങളായ കമ്മിറ്റി പ്രമേയം അവതരിച്ചു. സ്വരലയ ഗായിക ഗായകര്‍ അവതരണ ഗാനം ആലിപിച്ചു.
ഉദ്ഘാടന സമ്മേളനത്തില്‍ ഐസിആര്‍എഫ് ചെയര്മാന് ഡോ. ബാബു രാമചന്ദ്രന്, ബഹ്റൈന്‍ കേരളീയ സമാജം പ്രസിഡന്റ് പിവി രാധാകൃഷ്ണ പിള്ള, ഇന്ത്യന്‍ ക്ലബ് പ്രസിഡന്റ് കെഎം ചെറിയാന്, സെക്രട്ടറി സതീഷ് ഗോപിനാഥ്, വിവിധ സംഘടനാ പ്രതിനിധികളായ ഷാജി മുതലയില്‍ (നവകേരള), നജീബ് കടലായി (ജനതാ കള്‍ച്ചറല്‍ സെന്റര്‍), മൊയ്തീന് കുഞ്ഞി (ഐഎംസിസി), എഫ്എം ഫൈസല്‍ (ഒഎന്‍സിപി), റഫീഖ് അബ്ദുല്ല, കെടി സലീം, മനോജ് വടകര തുടങ്ങിയവര്‍ പങ്കെടുത്തു.