ന്യൂഡൽഹി > സഹകരണ സംഘങ്ങളെ ബാങ്കുകളായി പരിഗണിക്കാനാവില്ലെന്ന് ധനമന്ത്രി നിർമല സീതാരാമൻ ലോക്സഭയെ അറിയിച്ചു. സഹകരണ സംഘങ്ങൾക്ക് ബാങ്കിങ് നിയന്ത്രണ നിയമ പ്രകാരമുള്ള ലൈസൻസും ആർബിഐ അംഗീകാരവുമില്ല. ജനങ്ങൾക്ക് നൽകിയ മുന്നറിയിപ്പ് പിൻവലിക്കാനാവില്ലെന്ന് ആർബിഐ വ്യക്തമാക്കിയതായും ധനമന്ത്രി സഭയിൽ പറഞ്ഞു.
പ്രാഥമിക സഹകരണ സംഘങ്ങൾക്ക് ബാങ്കുകളെന്ന് പേരിനൊപ്പം ചേർക്കാനാവില്ല. വോട്ടവകാശമില്ലാത്ത അംഗങ്ങളിൽ നിന്നും നിക്ഷേപം സ്വീകരിക്കരുത്. അംഗങ്ങളല്ലാത്തവരുടെ നിക്ഷേപങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കില്ല. തുടങ്ങിയ നിയന്ത്രണങ്ങൾ ആർബിഐ ഏർപ്പെടുത്തിയിരുന്നു. സഹകരണ മേഖലയെ തകർക്കാനുള്ള കേന്ദ്ര ഇടപെടലുകളുടെ ഭാഗമായായിരുന്നു ആർബിഐ ഉത്തരവ്.
1625 പ്രാഥമിക സഹകരണ സംഘങ്ങളെയും 15000ത്തോളം മറ്റു സഹകരണ സംഘങ്ങളെയും ഈ തീരുമാനം പ്രതികൂലമായി ബാധിക്കും. 2020 സെപ്തംബറില് നിലവില് വന്ന ബാങ്കിങ് നിയന്ത്രണ നിയമത്തിലെ ഭേദഗതി പ്രകാരമാണ് സഹകരണ സംഘങ്ങള്ക്ക് ബാങ്കിങ്ങില് നിയന്ത്രണം കൊണ്ടുവന്നത്. എന്നാൽ കേരളം ഇത് നടപ്പാക്കിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് ആർബിഐ പുതിയ ഉത്തരവ് പുറത്തിറക്കിയത്. ഇതിനെതിരെ സംസ്ഥാന സർക്കാർ ഡിസംബർ 1, 2 തീയതികളിലായി കത്ത് അയച്ചിരുന്നു. എന്നാൽ കേരളം ഉൾപ്പെടെ അയച്ച കത്തുകൾ ആർബിഐ തള്ളിക്കളഞ്ഞെന്നും മറുപടിയിൽ വ്യക്തമാക്കുന്നു.