തിരുവനന്തപുരം > പോത്തന്‍കോട് കൊലപാതകത്തില്‍ പ്രാഥമിക പ്രതിപ്പട്ടികയായി. കേസില്‍ ഒന്നാം പ്രതി സുധീഷ് ഉണ്ണിയാണ്. രണ്ടാം പ്രതി ഒട്ടകം രാജേഷും മൂന്നാം പ്രതി ശ്യാമുമാണ്. ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള പകയാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് സ്ഥിരീകരണം.
കൊല്ലപ്പെട്ട സുധീഷിന്റെ ഭാര്യാ സഹോദരനാണ് ശ്യാം. ഇയാളാണ് സുധീഷിന്റെ ഒളിത്താവളം ഗുണ്ടാ സംഘത്തിന് ചോര്‍ത്തി നല്‍കിയത്. കഞ്ചാവ് വില്പനയെ ചൊല്ലിയുള്ള തര്‍ക്കത്തില്‍, കൊല്ലപ്പെട്ട സുധീഷ് ശ്യാമിനെ മര്‍ദ്ദിച്ചിരുന്നു. ഒന്നാം പ്രതി സുധീഷ് ഉണ്ണിയുടെ അമ്മയ്ക്ക് നേരെ ബോംബെറിഞ്ഞതിലുള്ള വൈരാഗ്യമാണ് കൊലപാതകം ആസൂത്രണം ചെയ്യാന്‍ കാരണം. ആറ്റിങ്ങല്‍ മങ്കാട്ടുമൂലയില്‍ നടന്ന രണ്ട് അക്രമ സംഭവങ്ങളുടെ തുടര്‍ച്ചയാണ് കല്ലൂരിലെ കൊലപാതകം. അക്രമികളെ സംഘടിപ്പിച്ചതും, കൊലപാതകം ആസൂത്രണം ചെയ്തതും കുപ്രസിദ്ധ ഗുണ്ട ഒട്ടകം രാജേഷാണ്.