ഇസ്രയേലിലെ എയ്‌ലാറ്റിൽ നടന്ന മത്സരത്തിലാണ് കിരീടം ചൂടിയത്. 1994ൽ സുസ്മിത സെന്നും 2000ൽ ലാറ ദത്തയും കിരീടം നേടിയ ശേഷം 21 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യയ്ക്ക് വിശ്വ സുന്ദരിപ്പട്ടം ലഭിക്കുന്നത്. രണ്ടാം സ്ഥാനം നേടിയ ദക്ഷിണാഫ്രിക്കയുടെ ലാലേല മസ്വനെയും മൂന്നാം സ്ഥാനം നേടിയ പരാഗ്വേയുടെ നാദിയ ഫെരേരയേയും പിന്തള്ളിയാണ് ഹർനാസ് സന്ധു വിശ്വസുന്ദരി പട്ടം നേടിയത്.
വിശ്വസുന്ദരി പട്ടം നേടിയതിനു പുറകെ ഗൂഗിളിൽ ഹർനാസ് സന്ധുവിനെപ്പറ്റിയുള്ള സെർച്ചുകൾ കാര്യമായി വർദ്ധിച്ചു എന്ന് ഗൂഗിൾ ട്രെൻഡ്‌സ് വ്യക്തമാക്കുന്നു. രസകരമായ കാര്യം ഏറ്റവും കൂടുതൽ സെർച്ചുകൾ ഹർനാസ് സന്ധുവുമായി ബന്ധപ്പെട്ട് വരുന്നത് പുതിയ വിശ്വസുന്ദരിയുടെ ഉയരം എത്രയാണ് എന്നറിയാനാണ്. കൂടാതെ ഹർനാസിന്റെ ഉയരം ഗൂഗിളിൽ മീറ്ററിൽ പ്രദർശിപ്പിക്കുമ്പോൾ അത് അടി കണക്കിലേക്ക് മാറ്റാനും ഗൂഗിളിൽ സെർച്ച് വർദ്ധിച്ചിട്ടുണ്ട്. ഇന്ന് പകൽ 8:47 മുതലാണ് ഹർനാസ് സന്ധുവിനെക്കുറിച്ചുള്ള ഗൂഗിൾ സെർച്ചുകൾക്ക് വമ്പൻ കുതിച്ചുചാട്ടം ഉണ്ടായത്.
മുൻപ് വിവിധ സൗന്ദര്യമത്സര കിരീടങ്ങൾ നേടിയ ഇന്ത്യക്കാരായ ഐശ്വര്യ റായ്, ലാറ ദത്ത, മാനുഷി ഛില്ലർ, ഉർവശി റൗട്ടേല എന്നിവരെപ്പറ്റിയുള്ള വിവരങ്ങളും ഗൂഗിളിൽ നിരവധിപേർ ഇപ്പോൾ സെർച്ച് ചെയ്യുന്നുണ്ട്. മറ്റൊരു രസകമാരായ കാര്യം മോട്ടിവേഷണൽ സ്പീക്കറും ബോഡി പോസിറ്റിവിറ്റി ആക്ടിവിസ്റ്റുമായ ഹർനാം കൗറിനെപ്പറ്റിയുള്ള സെർച്ചും ഗൂഗിളിൽ വർദ്ധിച്ചിട്ടുണ്ട്. പേരുകൾ തമ്മിലുള്ള സാമ്യം കാരണമാണിത്. ഹർനാസ് സന്ധുവിൻ്റെ വയസ്സെത്ര? ഫസ്റ്റ് റണ്ണർ അപ്പ് നാദിയ ഫെരേരയുടെ വിവരങ്ങൾ തുടങ്ങിയവയാണ് മറ്റുള്ള പ്രധാന സെർച്ചുകൾ.
പഞ്ചാബ്, ചണ്ഡിഗഡ്, ഡൽഹി, കർണാടക, ഹരിയാന എന്നിവിടങ്ങളിൽ നിന്നാണ് ‘ഹർനാസ് കൗർ സന്ധു’ എന്ന വാക്ക് ഗൂഗിളിൽ സെർച്ച് ചെയ്യുന്നത്. മിസോറാം, ചണ്ഡീഗഡ്, ഡൽഹി, പഞ്ചാബ്, ഉത്തരാഖണ്ഡ് എന്നിവയാണ് ‘ഹർനാസ് സന്ധു’ എന്ന് സെർച്ച് ചെയ്യുന്ന പ്രധാന സ്ഥലങ്ങൾ.