ന്യൂഡൽഹി
രാജ്യത്തെ സമ്പദ്ഘടനയിൽ ഒമിക്രോൺ വകഭേദത്തിന്റെ ആഘാതം കുറവായിരിക്കുമെന്ന് കേന്ദ്ര ധനമന്ത്രാലയത്തിന്റെ റിപ്പോർട്ട്. കോവിഡ് രണ്ടാംതരംഗത്തിൽനിന്ന് ഉൾക്കൊണ്ട പാഠങ്ങൾ ഒമിക്രോൺ പ്രതിരോധത്തിന് സഹായകരമാകുമെന്നും പ്രതിമാസ അവലോകന റിപ്പോർട്ടിൽ പറയുന്നു.
ലോകത്തുടനീളം 2020–-21ൽ കോവിഡ് ഏൽപ്പിച്ച ആഘാതത്തിൽനിന്ന് ശക്തമായി തിരിച്ചുവന്ന ചുരുക്കം രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യയെന്നും റിപ്പോർട്ട് അവകാശപ്പെട്ടു. ഇപ്പോൾ ഒമിക്രോൺ നിഴലിലാണ് ലോകമെങ്കിലും വാക്സിനേഷൻ വേഗം കൂട്ടി പ്രതിരോധിക്കാനാകുമെന്നാണ് പ്രതീക്ഷ. മാർച്ചിൽ അവസാനിക്കുന്ന സാമ്പത്തികവർഷത്തിന്റെ മൂന്ന്, നാല് പാദങ്ങളിൽ സമ്പദ്ഘടന കരുത്തുറ്റ തിരിച്ചുവരവ് നടത്തുമെന്നും റിപ്പോർട്ട് പറയുന്നു.