തിരുവനന്തപുരം
റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് സംസ്ഥാനത്തെ ജയിലുകളിലെ 168 തടവുകാരെ മോചിപ്പിക്കും. 14 വർഷം തടവ് പൂർത്തിയാക്കിയവരും സ്ത്രീ പീഡനം, പോക്സോ, മയക്കുമരുന്ന്, രാജ്യദ്രോഹപ്രവർത്തനം തുടങ്ങിയ കേസുകളിൽ ശിക്ഷിക്കപ്പെടാത്തവരുമാണ് മോചിതരാകുക. ഇവരുടെ പട്ടിക തയ്യാറാക്കി. ഇതിൽ 25 വർഷംവരെ ജയിലിൽ കഴിയുന്നവരുണ്ട്.
സംസ്ഥാനത്ത് 2011നുശേഷം ആദ്യമായാണ് ഇത്രയും തടവുകാരെ മോചിപ്പിക്കുന്നത്. ജയിൽ ഉപദേശക സമിതിയുടെ ശുപാർശകളിൽ ഉൾപ്പെടാതെ പോയ അർഹരെ മോചിപ്പിക്കാൻ സർക്കാർ സമിതി രൂപീകരിച്ചിരുന്നു. തടവുകാരുടെ പട്ടിക പരിശോധിക്കുന്നതിന്റെ ഭാഗമായി വെൽഫെയർ ഓഫീസർ, പൊലീസ് എന്നിവരുടെ റിപ്പോർട്ട് ജയിൽ വകുപ്പ് ആവശ്യപ്പെട്ടു. മോചിപ്പിച്ചാൽ സാമൂഹ്യ പ്രത്യാഘാതം, തുടർ കുറ്റകൃത്യം എന്നിവയ്ക്ക് സാധ്യതയുണ്ടോയെന്ന റിപ്പോർട്ടാണ് ആവശ്യപ്പെട്ടത്. തടവുകാരുടെ രോഗാവസ്ഥയും പരിഗണിക്കുന്നുണ്ട്.
ഉപസമിതിയുടെ അടുത്ത യോഗത്തോടെ പട്ടികയിൽ സൂക്ഷ്മ പരിശോധന പൂർത്തിയാകും. ഉപസമിതി റിപ്പോർട്ട് ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി, ജയിൽ മേധാവി, നിയമ സെക്രട്ടറി എന്നിവരടങ്ങിയ മുഖ്യസമിതി പരിശോധിച്ച് സർക്കാരിന് സമർപ്പിക്കും. മന്ത്രിസഭയുടെ അനുമതി ലഭിച്ചാൽ ഗവർണറുടെ ഉത്തരവിനെത്തുടർന്നാകും ജയിൽ മോചനം.