ന്യൂഡൽഹി
ആന്ധ്രപ്രദേശിലും ചണ്ഡീഗഢിലും ആദ്യമായി ഒമിക്രോൺ സ്ഥിരീകരിച്ചു. കർണാടകത്തിലും മഹാരാഷ്ട്രയിലും ഓരോരുത്തർക്കുകൂടി സ്ഥിരീകരിച്ചിട്ടുണ്ട്. ഇറ്റലിയിൽനിന്ന് നാട്ടിലെത്തിയ ഇരുപതുകാരനാണ് ചണ്ഡീഗഢിൽ ഒമിക്രോൺ സ്ഥിരീകരിച്ചത്. സാമ്പിൾ ജനിതക ശ്രേണീകരണത്തിനയച്ച റിപ്പോർട്ട് ശനി രാത്രിയാണ് ലഭിച്ചത്. നവംബർ 22നാണ് ഇന്ത്യയിലെത്തിയത്. കോവിഡ് പോസിറ്റീവ് ആയതോടെ വീട്ടിൽ സമ്പർക്കവിലക്കിലായിരുന്നു.
ആന്ധ്രയിൽ അയർലൻഡിൽനിന്നെത്തിയ വിദേശയാത്രികനാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ആദ്യം മുംബൈയിലെത്തിയ ഇയാൾക്ക് അവിടെവച്ച് നടത്തിയ പരിശോധനയിൽ കോവിഡ് നെഗറ്റീവ് ആയിരുന്നു. നവംബർ 27ന് വിശാഖപട്ടണത്ത് എത്തി. വിജയനഗരത്തിൽ നടത്തിയ ആർടിപിസിആർ പരിശോധനയിൽ പോസിറ്റീവായി. തുടർന്നാണ് സാമ്പിൾ ജനിതക ശ്രേണീകരണത്തിനയച്ചത്.
കർണാടകത്തിൽ മൂന്നാമത്തെയാൾക്കാണ് ഞായറാഴ്ച ഒമിക്രോൺ സ്ഥിരീകരിച്ചത്. ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിയ മുപ്പത്തിനാലുകാരനാണ് രോഗം. ഇയാളുമായി സമ്പർക്കത്തിൽ വന്നവരുടെ സാമ്പിൾ പരിശോധനയ്ക്കയച്ചു. മഹാരാഷ്ട്രയിൽ നാഗ്പുരിലാണ് പുതിയ കേസ് റിപ്പോർട്ട് ചെയ്തത്. ദക്ഷിണാഫ്രിക്കയിൽനിന്നെത്തിയ നാൽപ്പതുകാരനാണ് പോസിറ്റീവായത്. ഡൽഹിവഴിയാണ് ഇയാൾ എത്തിയത്.