ന്യൂഡൽഹി > ‘പൊതുസ്ഥലങ്ങളിൽ നിസ്കരിക്കുന്ന ശീലം വച്ചുപൊറുപ്പിക്കാൻ കഴിയില്ല’ എന്ന ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിന്റെ പ്രസ്താവന അത്യന്തം അപലപനീയവും പ്രതിഷേധാർഹവുമാണെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ പ്രസ്താവനയിൽ പറഞ്ഞു. എല്ലാ മതസ്തരും പൊതുസ്ഥലങ്ങളിൽ പ്രാർഥനകൾ നടത്താറുണ്ട്.
ഖട്ടറിന്റെ പ്രസ്താവന അംഗീകരിക്കാനാകില്ല. ഗുരുഗ്രാമിൽ പള്ളികൾ നിർമിക്കാൻ സാധിക്കാത്ത ഇടങ്ങളിൽ പൊതുസ്ഥലത്ത് വെള്ളിയാഴ്ച പ്രാർഥന നടത്താൻ മുസ്ലിങ്ങൾക്ക് ഇതേ സർക്കാർ നൽകിയ അനുമതി മുഖ്യമന്ത്രി പിൻവലിച്ചു.
അനുവദിച്ച സ്ഥലങ്ങളിൽ മുസ്ലിങ്ങൾ വെള്ളിയാഴ്ച പ്രാർഥന നടത്തുന്നത് മാസങ്ങളായി ബജ്റംഗദൾ പോലുള്ള സംഘടനകളിലെ പ്രവർത്തകർ തടയുന്നു. നീതി നിഷേധത്തിനു പൊലീസ് കൂട്ടുനിൽക്കുന്നു. അക്രമികൾ ശിക്ഷിക്കപ്പെടുമെന്നും സമാധാനപരമായി പ്രാർഥന നടക്കുമെന്നും ഉറപ്പുവരുത്തേണ്ടതിനുപകരം മുഖ്യമന്ത്രി രാജ്യത്തെ ഒരു വിഭാഗം പൗരന്മാരുടെ ഭരണഘടനാപരമായ അവകാശം നിഷേധിക്കുകയാണ്.
ഹരിയാന സർക്കാർ ഈ തീരുമാനം പിൻവലിക്കണം. വെള്ളിയാഴ്ച പ്രാർഥനകൾ സമാധാനപരമായി നടത്താനുള്ള സാഹചര്യം സൃഷ്ടിക്കണം. പള്ളികൾ നിർമിക്കാനും വഖഫ് വസ്തുക്കളുടെ നിയന്ത്രണം നേടാനും മുസ്ലിം സമുദായത്തിനു അനുമതി നൽകണം-പിബി ആവശ്യപ്പെട്ടു.