ചണ്ഡിഗഢ് > പൊതുസ്ഥലങ്ങളിൽ മുസ്ലിങ്ങൾ വെള്ളിയാഴ്ച നിസ്കരിക്കുന്നത് വച്ചുപൊറുപ്പിക്കില്ലെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ. ഗുരുഗ്രാമിൽ തുറസായ സ്ഥലങ്ങളിൽ നിസ്കാരത്തിന് സർക്കാർ നൽകിയിരുന്ന അനുമതി പിൻവലിച്ചു.
ആരാധനാലയങ്ങളിലാണ് പ്രാർഥിക്കേണ്ടത്. സർക്കാർ ഭൂമിയിൽ ഇതിന് അനുമതി നൽകില്ല. ബന്ധപ്പെട്ട എല്ലാവരെയും ഉൾപ്പെടുത്തി വിഷയം ചർച്ചചെയ്ത് പരിഹരിക്കാൻ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതുവരെ വീടിനുള്ളിലോ മസ്ജിദുകളിലോ മാത്രമേ നിസ്കരിക്കാവൂയെന്നും ഖട്ടർ പറഞ്ഞു.
2018ൽ വർഗീയസംഘർഷം ഉണ്ടായതിനുപിന്നാലെയാണ് നഗരത്തിലെ തുറസായ സ്ഥലങ്ങൾ നമസ്കാരത്തിനായി സർക്കാർ അനുവദിച്ചുനൽകിയത്. ഇവിടെ നമസ്കരിക്കുന്നത് എതിർത്ത് തീവ്രഹിന്ദുത്വ സംഘങ്ങൾ കടന്നാക്രമണങ്ങൾ തുടരുന്നതിനിടെയാണ് ഖട്ടറിന്റെ പ്രതികരണം. നിസ്കാരം തടയാൻ ബജ്റംഗദളുകാരടക്കം സംഘടിച്ചെത്തി സംഘർഷാവസ്ഥ സൃഷ്ടിച്ചിരുന്നു.