ന്യൂഡൽഹി
കുത്തബ്മിനാർ സമുച്ചയത്തിൽ ഉണ്ടായിരുന്നെന്ന് പറയപ്പെടുന്ന ഹിന്ദു, ജൈന ക്ഷേത്രങ്ങൾ പുനഃസ്ഥാപിക്കാൻ ഉത്തരവിടണമെന്ന ഹർജി തള്ളി ഡൽഹികോടതി.
27 ക്ഷേത്രം ഉണ്ടായിരുന്ന സ്ഥലത്താണ് കുത്തബ്മിനാർ സമുച്ചയത്തിനുള്ളിലെ കുവത്ത് ഉൽ ഇസ്ലാം മസ്ജിദ് സ്ഥാപിച്ചതെന്നാണ് ഹർജിക്കാരുടെ ആരോപണം. ഖുത്ബുദ്ദീൻ ഐബക്കിന്റെ കാലത്ത് ഹിന്ദു, ജൈന ക്ഷേത്രങ്ങൾ തകർത്ത് അവിടെ പള്ളി നിർമിക്കുകയായിരുന്നുവെന്ന വാദവും ഉന്നയിച്ചു. എന്നാൽ, സിവിൽ ജഡ്ജി നേഹാശർമ ഈ വാദം തള്ളി. ഭൂതകാലത്തെ അബദ്ധങ്ങൾ വർത്തമാനകാലത്തെ സമാധാനം തകർക്കാനുള്ള കാരണമാകരുതെന്ന് ജഡ്ജി നിരീക്ഷിച്ചു. ‘സാംസ്കാരിക സമൃദ്ധിയുടെ രാജ്യമാണ് നമ്മുടേത്. നിരവധി രാജവംശങ്ങൾ ഭരിച്ചിട്ടുണ്ട്. ചരിത്രത്തിലെ നല്ലകാര്യം സ്വീകരിക്കുകയും മോശംകാര്യം തിരസ്കരിക്കുകയും ചെയ്യണം. സർക്കാർ ചരിത്രസ്മാരകമായി പ്രഖ്യാപിച്ച് സംരക്ഷിക്കുന്ന സ്ഥലം മതപരമായ ആവശ്യങ്ങൾക്ക് വിട്ടുതരണമെന്ന ആവശ്യം അംഗീകരിക്കാനാകില്ല’–- ജഡ്ജി നിരീക്ഷിച്ചു.