ദുബായിലെ ലോക ചെസ്
ചാമ്പ്യൻഷിപ് വേദിയിൽനിന്ന്
എൻ ആർ അനിൽകുമാർ
(ഇന്ത്യൻ ചെസ് ഒളിമ്പ്യാഡ് മുൻ അംഗം, ദേശീയ ബി ചെസ് മുൻ ചാമ്പ്യൻ)
മാഗ്നസ് എന്ന വാക്കിന് ലാറ്റിൻ ഭാഷയിൽ അർഥം ‘ഗ്രേറ്റ്’ എന്നാണ്.അഞ്ചാംതവണയും ലോക ക്ലാസിക്കൽ ചെസ് കിരീടം നേടുക വഴി മഹാരഥന്മാരായ ചെസ് ചാമ്പ്യന്മാരുടെ ഇടത്തിലേക്കാണ് സ്വെൻ മാഗ്നസ് ഓൺ കാൾസന്റെ വരവ്. ചെസിന്റെ മൂന്ന് രൂപങ്ങളിലും (ക്ലാസിക്കൽ, റാപിഡ്, ബ്ലിറ്റ്സ്) നോർവെക്കാരൻ അനിഷേധ്യ ലോകചാമ്പ്യനാണ്.
കാൾസന്റെ ദൗർബല്യങ്ങൾ എതിരാളികൾക്ക് കണ്ടെത്താനാകുന്നില്ല. കാൾസന് പരിചിതമല്ലാത്ത ഓപ്പണിങ് പുറത്തെടുത്ത് കെണിയിലാക്കിക്കളയാം എന്ന ചിന്ത വ്യാമോഹം മാത്രം.അപാര മിഡിൽഗെയിം പാടവത്തിന്റെ ഉടമയാണ്. ഏതുതരം കരുവിന്യാസങ്ങളെയും ഒറ്റനോട്ടത്തിൽ മനസ്സിലാക്കും. മിഡിൽഗെയിമിനെ അതിജീവിച്ച് എൻഡ് ഗെയിമിൽ എത്തുന്ന എതിരാളികൾ നേരിടുന്നത് യന്ത്രതുല്യമായ പൂർണതയോടെ കളിക്കുന്ന അത്ഭുതപ്രതിഭാസത്തെയാണ്.
അതിനാൽ കാൾസനെതിരെ സൈദ്ധാന്തിക തയ്യാറെടുപ്പ് നടത്തുന്നതും ബോർഡിൽ കളിക്കുന്നതും ഒരുപോലെ ദുഷ്കരമാണ്. വിദൂരമായുള്ള സാധ്യതപോലും വിജയത്തിലേക്കുള്ള നീക്കമാക്കി മാറ്റാൻ ക്ഷമയോടെയും കണിശതയോടെയും കാത്തിരിക്കും. സമാനതകളില്ലാത്ത മനഃകരുത്താണ് ശക്തി. കളിക്കിടയിൽ കാൾസന്റെ മനസ്സ് ഒരിക്കലും വായിച്ചറിയാൻ പറ്റില്ലെന്ന് ഇന്ത്യയുടെ വിശ്വനാഥൻ ആനന്ദ് പറയുന്നു.
കളിക്കിടയിൽ അബദ്ധങ്ങൾ പിണഞ്ഞാലും വേവലാതിപ്പെടാതെ ഏറ്റവും നല്ല നീക്കങ്ങൾ കണ്ടുപിടിക്കുന്ന പ്രകൃതമാണ് കാൾസന്റേതെന്ന് അർമേനിയൻ ഗ്രാൻഡ്മാസ്റ്ററായ ലെവൻ ആറോണിയൻ നിരീക്ഷിക്കുന്നു. ലോകചാമ്പ്യൻഷിപ് നടക്കുമ്പോൾ, പ്രതിയോഗികൾ പിരിമുറുക്കത്തിൽ കൊടുമ്പിരികൊള്ളുമ്പോൾ മനസ്സിനെ ആയാസരഹിതമാക്കുന്ന രീതി അത്ഭുതപ്പെടുത്തും. ഫുട്ബോളും വോളിബോളും കളിക്കാനിറങ്ങി നിസ്സാര പരിക്കുപറ്റി മുഖത്ത് പ്ലാസ്റ്ററുമായി ചെറുപുഞ്ചിരിയോടെ അടുത്ത ഗെയിമിനെത്തുന്ന ചാമ്പ്യനെ വേറെയെവിടെ കാണാനാകും?
മുപ്പത്തൊന്നുകാരന്റെ ചെസ് മികവിന്റെ പ്രധാനഘടകം കായികക്ഷമതയാണെന്ന് റഷ്യൻ ഗ്രാൻഡ്മാസ്റ്റർ വ്ലാഡിമിർ ക്രാംനിക് ചൂണ്ടിക്കാണിക്കുന്നു. കായികവിനോദങ്ങളിൽ സ്ഥിരം മുഴുകുകയും അത്ലറ്റിക് ആയ ശരീരം കാത്തുസൂക്ഷിക്കുകയും ചെയ്യുന്ന കാൾസന് മണിക്കൂറുകൾ നീളുന്ന മാരത്തൺ പോരാട്ടങ്ങൾ അനായാസം നേരിടാൻ സാധിക്കുന്നു. കളിയുടെ അവസാനഘട്ടങ്ങളിൽപ്പോലും മാനസിക ജാഗ്രത നിലനിർത്തുകയും അബദ്ധങ്ങൾ വരുത്താതിരിക്കുകയും ചെയ്യുന്നു.
തന്റെ ഏറ്റവും കരുത്തരായ പ്രതിയോഗികളായി കാൾസൻ സ്വയം വിലയിരുത്തുന്നത് അമേരിക്കയുടെ ഫാബിയോ കരുവാനയെയും ചൈനയുടെ ലിറനെയുമാണ്. സമകാലിക ചെസിലെ അത്ഭുതപ്രതിഭാസം പതിനെട്ടുകാരൻ ഫ്രഞ്ച്-–-ഇറാനിയൻ ഗ്രാൻഡ്മാസ്റ്റർ ആലിറേസാ ഫിറൂസ്ജാ (ലോക നമ്പർ 2) കാൾസന് വലിയ വെല്ലുവിളിയാകുമെന്ന് പണ്ഡിതർ പ്രവചിക്കുന്നു.