ന്യൂഡൽഹി
‘പഞ്ചാബിലെയും ഹരിയാനയിലെയും സഹോദരങ്ങൾ വീണ്ടും കൈകോർത്തു. ഡൽഹിയിലേക്കുള്ള എല്ലാ തടസ്സങ്ങളും അവർ നീക്കി. അവർ ഒറ്റക്കെട്ടായതോടെ നിങ്ങൾ പരാജയപ്പെട്ടു’–- കർഷകപ്രക്ഷോഭവേളയിൽ സമരകേന്ദ്രങ്ങളിൽ ആവർത്തിച്ച് മുഴങ്ങിയ ഗാനമായിരുന്നു ഇത്. പ്രശസ്ത ഗായകൻ ഹർഭജൻ മൻ കർഷകപ്രക്ഷോഭത്തിന് ഊർജമേകാൻ ചിട്ടപ്പെടുത്തിയ ഈ ഗാനം ഇരുസംസ്ഥാനത്തിലെയും കർഷകർക്കിടയിലുണ്ടായ സാഹോദര്യം വരച്ചിടുന്നു.
സത്ലജ്–- യമുനാ ലിങ്ക് കനാൽപോലെ ഹരിയാനയിലെയും പഞ്ചാബിലെയും ജനങ്ങൾക്കിടയിൽ നീറിപ്പുകഞ്ഞിരുന്ന പ്രശ്നങ്ങൾക്കുള്ള ശാശ്വതപരിഹാരംകൂടിയായിരുന്നു കർഷകപ്രക്ഷോഭം. ഡൽഹി അതിർത്തിയിൽ സമരം തുടങ്ങിയ ആദ്യനാളുകളിൽ ഹരിയാനയിലെയും പഞ്ചാബിലെയും കർഷകർക്കിടയിൽ ചില്ലറ പ്രശ്നങ്ങൾ പ്രകടമായിരുന്നു. ടിക്രി അതിർത്തിയിലെത്തിയ ഹരിയാനയിലെ കർഷകർ അവരുടെ ട്രാക്ടറുകൾ പഞ്ചാബിലെ കർഷകരുടെ ട്രാക്ടറുകളിൽനിന്ന് ദൂരെ മാറി പാർക്ക് ചെയ്യാൻ ശ്രദ്ധ കാണിച്ചിരുന്നു. പ്രക്ഷോഭം ശക്തമായതോടെ എല്ലാ അഭിപ്രായവ്യത്യാസങ്ങളുടെയും മഞ്ഞുരുകി. ഒരുമിച്ച് ഭക്ഷണം പാകം ചെയ്തും മുദ്രാവാക്യങ്ങൾ മുഴക്കിയും അവശ്യസാധനങ്ങൾ പങ്കിട്ടും ഇരു സംസ്ഥാനവും വീണ്ടും ഒന്നിച്ചു.
മുതലെടുപ്പിനുവേണ്ടി ചില പാർടികളും നേതാക്കളുമാണ് ഇരു സംസ്ഥാനങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ ഊതിപെരുപ്പിച്ചതെന്ന ബോധ്യത്തിലേക്കും പ്രക്ഷോഭത്തിന്റെ അവസാനത്തിൽ കർഷകർ എത്തിച്ചേർന്നു. ‘‘കനാൽ തർക്കംപോലെയുള്ള വിഷയങ്ങൾ കർഷകരെ തമ്മിലടിപ്പിക്കാൻമാത്രം രാഷ്ട്രീയക്കാർ ഉന്നയിക്കുന്നതാണ്. ആത്മാർഥത ഉണ്ടായിരുന്നെങ്കിൽ വാജ്പേയി സർക്കാരിന്റെ കാലത്ത് എന്തെങ്കിലും നടപടി സ്വീകരിക്കുമായിരുന്നു.
ഹരിയാനയിൽ ബിജെപിയും പഞ്ചാബിൽ ബിജെപി–- ശിരോമണി അകാലിദൾ സഖ്യസർക്കാരും ഭരിച്ചിട്ടും ഒന്നും ഉണ്ടായില്ല. ഇത്തരം ഭിന്നിപ്പിക്കൽ തന്ത്രങ്ങൾ ഇനി വിലപ്പോകില്ല’’–- കർഷകനേതാവ് ഗുർണാംസിങ് ചടുനി ചൂണ്ടിക്കാണിച്ചു. സമരം താൽക്കാലികമായി അവസാനിപ്പിച്ച് മടങ്ങിപ്പോകുന്നതിനുമുമ്പ് ഇരു സംസ്ഥാനത്തിലെയും കർഷകർ പരസ്പരം ഫോൺ നമ്പരുകൾ കൈമാറി. പരസ്പരം വീടുകൾ സന്ദർശിക്കാമെന്ന ഉറപ്പ് നൽകാനും അവർ മറന്നില്ല.
ഷാജഹാൻപുരിൽ
സമരനേതാക്കൾക്ക് സ്വീകരണം
ഹരിയാന–-രാജസ്ഥാൻ അതിർത്തിയിലെ സമരകേന്ദ്രമായ ഷാജഹാൻപുരിൽ കർഷകസമര വിജയം ആഘോഷിച്ചു. നൂറുകണക്കിനു കർഷകർ പങ്കെടുത്തു. അഖിലേന്ത്യാ കിസാൻസഭ പ്രസിഡന്റ് ഡോ. അശോക് ധാവ്ളെ, വൈസ് പ്രസിഡന്റ് അമ്രാറാം, ജനറൽ സെക്രട്ടറി ഹന്നൻ മൊള്ള, ഫിനാൻസ് സെക്രട്ടറി പി കൃഷ്ണപ്രസാദ്, കർഷകത്തൊഴിലാളി യൂണിയൻ ജനറൽ സെക്രട്ടറി ബി വെങ്കട്, ജോയിന്റ് സെക്രട്ടറി വിക്രം സിങ് എന്നിവർക്ക് കർഷകർ സ്വീകരണം നൽകി.
സംയുക്ത കിസാൻ മോർച്ചയെ സമാധാന
നൊബേലിന് ശുപാർശ ചെയ്തു
സംയുക്ത കിസാൻ മോർച്ചയെ സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന് ശുപാർശ ചെയ്ത് വിരമിച്ച സിവിൽ സർവീസ്–- സൈനിക ഉദ്യോഗസ്ഥരുടെ കൂട്ടായ്മ. സമാനമായ പ്രക്ഷോഭം ലോകത്ത് ഉണ്ടായിട്ടില്ല. കർഷകർ പ്രകടിപ്പിച്ച സംയമനവും അച്ചടക്കവും അനുപമം. ധീരമായി പൊരുതി രക്തസാക്ഷിത്വം വരിച്ച കർഷകർ എക്കാലവും ഓർമിക്കപ്പെടും. ലോകമാകെ കർഷകപ്രക്ഷോഭത്തെ അംഗീകരിച്ചിരിക്കുന്നു–- കീർത്തി കിസാൻ ഫോറം എന്ന കൂട്ടായ്മ ചൂണ്ടിക്കാട്ടി.
രാജ്യത്തെ 50 ശതമാനത്തിലേറെ വരുന്ന കർഷകരുടെ ഭാവി സംയുക്ത കിസാൻ മോർച്ചയുടെ കരങ്ങളിലാണെന്ന് ഫോറം പ്രസ്താവനയിൽ പറഞ്ഞു.