ന്യൂഡൽഹി
‘ഞാൻ സൈനികന്റെ ഭാര്യയാണ്, ധീരനായ അദ്ദേഹത്തെ പുഞ്ചിരിയോടെ വേണം യാത്രയാക്കാൻ’. ബ്രിഗേഡിയർ ലഖ്വിന്ദർ സിങ് ലിഡ്ഡറുടെ (52) മൃതദേഹത്തിനരികില്‍നിന്ന് ഇടറിയ ശബ്ദത്തിൽ ഭാര്യ ഗീതിക ഇത് പറയുമ്പോൾ ചുറ്റുംനിന്നവർക്ക് കണ്ണീരടക്കാനായില്ല.
ദേശീയപതാകകൊണ്ട് പൊതിഞ്ഞ്, പൂക്കള്‍കൊണ്ട് അലങ്കരിച്ച ലിഡ്ഡറുടെ മൃതദേഹപേടകത്തിനു മുകളില്‍ മുട്ടുകുത്തിനിന്ന ഗീതിക പക്ഷെ വിതുമ്പി. പൊട്ടിക്കരയാതിരിക്കാനുള്ള പതിനേഴുകാരിയായ മകള്‍ ആഷ്നയുടെ ശ്രമവും പരാജയപ്പെട്ടു. ‘ഇതൊരു ദേശീയ നഷ്ടമാണ്. എന്റെ അച്ഛന് ഹീറോയായിരുന്നു. എന്റെ ഏറ്റവും നല്ല സുഹൃത്ത്. അദ്ദേഹമായിരുന്നു എന്റെ പ്രചോദനം’–- ആഷ്ന പറഞ്ഞു.വെള്ളിയാഴ്ച ബ്രാർ സ്ക്വയറിൽ പൂർണ സൈനിക ബഹുമതികളോടെയായിരുന്നു സംസ്കാരം. ബിപിന്‍ റാവത്തിന്റെ പ്രധാന സഹായിയായിരുന്നു ബ്രിഗേഡിയര്‍ ലിഡ്ഡര്‍. മേജര്‍ ജനറലായി സ്ഥാനക്കയറ്റം കിട്ടിയശേഷമായിരുന്നു അപ്രതീക്ഷിത മരണം. ഹരിയാനയിലെ പഞ്ച്കുള സ്വദേശിയായ ലിഡ്ഡര്‍ 1990-ലാണ് ജമ്മുകശ്മീര്‍ റൈഫിള്‍സില്‍ സൈനികസേവനം ആരംഭിച്ചത്.