തിരുവനന്തപുരം
സ്ത്രീകൾ, കുട്ടികൾ, പട്ടികജാതി–- പട്ടികവർഗ വിഭാഗങ്ങൾ എന്നിവർക്കെതിരായ അതിക്രമങ്ങളിൽ വിട്ടുവീഴ്ചയില്ലാതെ നടപടിയെടുക്കണമെന്ന് പൊലീസ് ഉന്നതല യോഗത്തിൽ ഡിജിപിയുടെ നിർദേശം. ഇത്തരം സംഭവങ്ങളിൽ ജില്ലാ പൊലീസ് മേധാവിമാർ നേരിട്ട് ഇടപെടണം. പരാതികളിൽ അതിവേഗം അന്വേഷണം നടത്തണം. വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കാനും സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് നിർദേശിച്ചു.
ഗാർഹിക പീഡന പരാതികൾ ഉടൻ അന്വേഷിക്കണം. പോക്സോ കേസുകൾ സമയബന്ധിതമായി പൂർത്തിയാക്കണം. കോടതിമുമ്പാകെയുള്ള കേസുകളിൽ രേഖകൾ സമർപ്പിക്കാനുള്ള നടപടി ജില്ലാ പൊലീസ് മേധാവിമാരുടെ നേതൃത്വത്തിൽ സ്വീകരിക്കണം. വാഹനാപകടം കുറയ്ക്കാൻ നടപടിയെടുക്കണം. രാത്രി പട്രോളിങ് സജീവമാക്കണം. ഓൺലൈനിൽ ലഭിക്കുന്ന പരാതികളിൽ ഫലപ്രദമായ നടപടി സ്വീകരിക്കണം.
പൊലീസിന്റെ സൽപ്പേരിന് കളങ്കമാകുന്ന കാര്യം ആരിൽനിന്നുണ്ടായാലും ശക്തമായ നടപടിയുണ്ടാകുമെന്നും ഡിജിപി വ്യക്തമാക്കി. പൊലീസിന്റെ പ്രവർത്തനങ്ങൾക്ക് പുതുജീവൻ പകരാൻ ആവശ്യമായ നിർദേശം നൽകാനാണ് പൊലീസ് ആസ്ഥാനത്ത് പ്രത്യേക യോഗം ചേർന്നത്. ജില്ലാ പൊലീസ് മേധാവിമാരും വിവിധ വിഭാഗങ്ങളിലെ എസ്പിമാരും ഡിഐജി, ഐജി, എഡിജിപിമാരും പങ്കെടുത്തു.
കോവിഡ് വ്യാപനത്തിനുശേഷം ആദ്യമായാണ് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ പങ്കെടുക്കുന്ന യോഗം നേരിട്ട് ചേരുന്നത്.