യഥാർഥ പ്ലെയർ അൺനൗൺ ബാറ്റിൽ ഗ്രൗണ്ട്സ് അഥവാ പബ്ജി സൗജന്യ ഗെയിം ആയി മാറുന്നു. 2022 ജനുവരി 12 മുതൽ ഗെയിം സൗജന്യമായി എല്ലാവർക്കും കളിക്കാൻ സാധിക്കുമെന്ന് നിർമാതാക്കളായ ക്രാഫ്റ്റൺ വ്യാഴാഴ്ച പ്രഖ്യാപിച്ചു.
2017-ൽ ഗെയിമിങ് പ്ലാറ്റ്ഫോമായ സ്റ്റീമിൽ അവതരിപ്പിക്കപ്പെട്ടത് മുതൽ പണം നൽകി മാത്രം കളിക്കാൻ സാധിക്കുന്ന ഗെയിം ആയിരുന്നു പബ്ജി. വളരെ പെട്ടെന്ന് തന്നെ ആഗോള തലത്തിൽ ഗെയിമർമാർക്കിടയിൽ ഇത് ജനപ്രീതി നേടിയെടുത്തു. എപ്പിക് ഗെയിംസിന്റെ ഫോർട്ട്നൈറ്റ് ഗെയിമിൽ സൗജന്യ ബാറ്റിൽ റോയേൽ മോഡ് നിർമിക്കുന്നതിന് ഈ ഗെയിം പ്രചോദനമായി മാറി.
പബ്ജിയുടെ മൊബൈൽ പതിപ്പ് നേരത്തെ തന്നെ ഇൻ ആപ്പ് പർച്ചേസുകളൊടു കൂടി സൗജന്യമായി കളിക്കാൻ സാധിക്കുന്നുണ്ട്. ഇതേ മാതൃകയിൽ തന്നെയാണ് യഥാർഥ പബ്ജി സൗജന്യമാക്കാൻ പോവുന്നത്.
കാശ് കൊടുക്കാതെ കളിക്കാൻ സാധിക്കുമെങ്കിലും ഗെയിമിലെ ചില ഘടകങ്ങൾ ഉപയോഗിക്കണമെങ്കിൽ ഫീസ് കൊടുക്കണം. ചില മാച്ച് മോഡുകൾ, സ്പെഷ്യൽ ഇൻഗെയിം- ഐറ്റംസ്, പോലുള്ളവ ഈ രീതിയിലാണ് ലഭ്യമാക. ഇതിനായി പ്രത്യേക ബാറ്റിൽഗ്രൗണ്ട്സ് പ്ലസ് അപ്ഗ്രേഡും ലഭ്യമാക്കും. ഇതിന് 12.99 ഡോളർ (984 രൂപയോളം) ആണ് ഈടാക്കുക. ഇത് പക്ഷെ നിർബന്ധിതമായ ഒന്നല്ല. ഇഷ്ടാനുസരണം തിരഞ്ഞെടുക്കാവുന്നതാണ്.
നിലവിൽ പബ്ജിയ്‍ക്ക് പണം നൽകിയ ഗെയിമർമാർക്ക് ബാറ്റിൽഗ്രൗണ്ട് പ്ലസും ഇൻഗെയിം- ഐറ്റംസും ഉൾപ്പെടുന്ന സ്പെഷ്യൽ പാക്ക് നൽകും.
പബ്ജി റിലീസ് ചെയ്തത് മുതൽ 7.5 കോടി കോപ്പികൾ വിറ്റഴിഞ്ഞിട്ടുണ്ടെന്നാണ് ക്രാഫ്റ്റൺ ക്രിയേറ്റീവ് ഡയറക്‍ടർ പറയുന്നത്. ഇതിന്റെ മൊബൈൽ പതിപ്പ് 100 കോടിയിലേറെ തവണ ഡൗൺലോഡ് ചെയ്‌യപ്പെട്ടിട്ടുണ്ട്. അടുത്തിടെയാണ് പബ്ജി-ന്യൂസ്റ്റേറ്റ് എന്ന പേരിൽ രണ്ടാമത്തെ സൗജന്യ ഗെയിം അവതരിപ്പിച്ചത്.
Content Highlights: Player Unknown Battlegrounds, PUBG, Pubg Mobile, Pubg: New State