ന്യൂഡൽഹി
വിദിഷയിലെ സെന്റ് ജോസഫ് സ്കൂളിനുനേരെയുണ്ടായ ബജ്റംഗ്ദൾ, വിഎച്ച്പി ആക്രമണത്തിന്റെ നടുക്കം മാറാതെ പ്രിൻസിപ്പൽ ബ്രദർ ആന്റണി. മതപരിവർത്തനം നടത്തുന്നെന്ന് ആരോപിച്ചാണ് അഞ്ഞൂറോളം പേർ ഗഞ്ജ്ബസോഡയിലെ സ്കൂൾ ആക്രമിച്ചത്. കെട്ടിടം എറിഞ്ഞ് തകർത്തു. അധ്യാപകരുടെ വാഹനങ്ങൾ തല്ലിപ്പൊളിച്ചു. ലക്ഷങ്ങളുടെ നഷ്ടമുണ്ടായി. സ്കൂളിനുള്ളിൽ അടച്ചുപൂട്ടി ഇരുന്നതുകൊണ്ട് ആളപായം ഒഴിവായി–- അദ്ദേഹം പ്രതികരിച്ചു. പ്രദേശവാസികളായ എട്ട് കുട്ടികൾ കിലോമീറ്ററുകൾ അകലെയുള്ള പള്ളിയിൽ ഒക്ടോബറിൽ ആദ്യ കുർബാന സ്വീകരിച്ചിരുന്നു. ഇവരാരും സെന്റ് ജോസഫ് സ്കൂൾ വിദ്യാർഥികളല്ല. മാസങ്ങൾക്ക് ശേഷം സംഭവം വളച്ചൊടിച്ച് സ്കൂളിനെതിരെ ആസൂത്രിതമായ നുണപ്രചാരണം നടത്തുകയായിരുന്നു. ഞായറാഴ്ച വൈകിട്ടുതന്നെ സ്കൂൾ ആക്രമിക്കുമെന്ന് സമൂഹമാധ്യമങ്ങളിൽ പ്രചാരണമുണ്ടായിരുന്നു.
രാത്രിതന്നെ അധികൃതരെയും പൊലീസിനെയും അറിയിച്ചെങ്കിലും സുരക്ഷ നൽകിയില്ല. ആക്രമണത്തിന് ശേഷം സ്കൂളിന് സമീപം ചില പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്.മതപരിവർത്തന ആരോപണങ്ങളുമായി ബന്ധപ്പെട്ട് ചൈൽഡ് വെൽഫെയർ കമ്മിറ്റി സംഘവും പൊലീസും സ്കൂളിലെത്തി അന്വേഷിച്ചിരുന്നു. ആക്രമണവുമായി ബന്ധപ്പെട്ട് ചിലരെ അറസ്റ്റ് ചെയ്തതായി റിപ്പോർട്ടുണ്ടെങ്കിലും പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. മലബാർ മിഷണറി ബ്രദേഴ്സ് സ്ഥാപിച്ച സ്കൂളിൽ 1,500ൽ അധികം കുട്ടികളുണ്ട്. മതസൗഹാർദത്തിൽ താൽപ്പര്യമില്ലാത്തവരാണ് ആക്രമണത്തിന് പിന്നിലെന്നും ബ്രദർ ആന്റണി ദേശാഭിമാനിയോട് പറഞ്ഞു.