ന്യൂഡൽഹി
പിഎസ്സിയിൽ റിപ്പോർട്ട് ചെയ്യാത്ത ഒഴിവുകളുടെ പേരിൽ റാങ്ക് പട്ടികയിലുള്ളവർക്ക് അവകാശവാദം ഉന്നയിക്കാനാകില്ലെന്ന് സുപ്രീംകോടതി.
ആയുർവേദ മെഡിക്കൽ ഓഫീസർമാരുടെ 28 ഒഴിവ് റിപ്പോർട്ട് ചെയ്യുന്നതിൽ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ, കേരള ഹൈക്കോടതി ഉത്തരവുകൾ റദ്ദാക്കി ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.
സർക്കാർ ഏജൻസികൾ ഏകപക്ഷീയമായി ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നില്ലെങ്കിൽ പരാതിക്കാർക്ക് നിയമവഴി തേടാം. ഏജൻസിയോ സർക്കാരോ തൃപ്തികരമായ വിശദീകരണം നൽകിയില്ലെങ്കിൽ കോടതികൾക്ക് അനുയോജ്യ നടപടിയെടുക്കാം. എന്നാൽ, സംസ്ഥാന സർക്കാരിന്റെ നിലപാട് നിർബന്ധമായും പരിഗണിക്കണം. എല്ലാ ഒഴിവിലും നിയമനം നടത്താനോ ഏതെങ്കിലും ഒഴിവുകൾ നികത്താനോ സംസ്ഥാനത്തിന് നിയമപരമായ ബാധ്യതയില്ലെന്ന് 1991ൽ സുപ്രീംകോടതി അഞ്ചംഗ ബെഞ്ച് ഉത്തരവിട്ടിട്ടുണ്ട്. ്ഥാനക്കയറ്റം കാരണം ഉണ്ടായ തസ്തികകളിൽ നിയമനം നടത്തണമെന്ന ഹർജിക്കാരുടെ വാദം അംഗീകരിച്ച് അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
ഇതിനെതിരെ വകുപ്പ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുകൂല വിധിയുണ്ടായില്ല. തുടർന്നാണ് സുപ്രീംകോടതിയിൽ അപ്പീൽ നൽകിയത്.