ന്യൂഡൽഹി
ഡൽഹി രോഹിണി കോടതി സമുച്ചയത്തിലുണ്ടായ ബോംബ് സ്ഫോടനത്തിൽ കോൺസ്റ്റബിളിന് പരിക്ക്. വ്യാഴാഴ്ച രാവിലെ 102–-ാം കോടതിയിൽ നടപടിക്രമങ്ങൾ പുരോഗമിക്കവെയാണ് ലാപ്ടോപ് ബാഗിൽ സൂക്ഷിച്ചിരുന്ന ബോംബ് പൊട്ടിത്തെറിച്ചത്. പരിക്കേറ്റ സുൽത്താൻപുരി സ്റ്റേഷനിലെ കോൺസ്റ്റബിൾ രാജീവ്കുമാറിനെ ആശുപത്രിയിലാക്കി. സ്ഫോടനത്തിൽ കോടതിമുറിയുടെ തറയ്ക്ക് കേടുപാടുണ്ടായി. നാഷണൽ സെക്യൂരിറ്റി ഗാർഡ്സ് (എൻഎസ്ജി) സംഘമെത്തി പരിശോധനകൾ നടത്തി.
സെപ്തംബറിൽ ഇതേ കോടതി സമുച്ചയത്തിലുണ്ടായ വെടിവയ്പിൽ നാല് അധോലോക സംഘാംഗങ്ങൾ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെ കോടതികളിലെ സുരക്ഷ വർധിപ്പിക്കണമെന്ന ആവശ്യവും ശക്തമായി. ഡൽഹി ഹൈക്കോടതി സ്വമേധയാ കേസുമെടുത്തു. എന്നാൽ, സുരക്ഷാ സജ്ജീകരണങ്ങൾ ഒട്ടും മെച്ചപ്പെട്ടിട്ടില്ലെന്ന് അഭിഭാഷക സംഘടനകൾ പറഞ്ഞു.