തിരുവനന്തപുരം
മുല്ലപ്പെരിയാർ അണക്കെട്ട് രാത്രിയിൽ തുറന്ന് ജനങ്ങളെ ആശങ്കയിലാക്കരുതെന്ന ശക്തമായ നിലപാടിൽ കേരളം. രാത്രിയിൽ അണക്കെട്ട് തുറക്കുന്നത് തടയുകയും തുറക്കുന്നതിന് 24 മണിക്കൂർ മുമ്പ് മുന്നറിയിപ്പ് നൽകുകയും വേണമെന്ന ആവശ്യമാണ് സംസ്ഥാനം സുപ്രീംകോടതിയിൽ ഉന്നയിച്ചിട്ടുള്ളത്.
അടിയന്തര പ്രാധാന്യമുള്ള പ്രശ്നമായതിനാൽ വെള്ളിയാഴ്ച തന്നെ അപേക്ഷ പരിഗണിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഏഴായിരം മുതൽ പന്ത്രണ്ടായിരം ഘനയടിവരെ ജലം മുന്നറിയിപ്പില്ലാതെ തമിഴ്നാട് തുറന്നുവിട്ടതിനാൽ പെരിയാറിന്റെ തീരത്ത് അനവധി വീടുകൾ വെള്ളത്തിലായി. തമിഴ്നാട് ഉദ്യോഗസ്ഥരോ മേൽനോട്ട ചുമതലയുള്ള സമിതികളോ ഇക്കാര്യത്തിൽ ജാഗ്രത പുലർത്തുന്നില്ല. ഷട്ടർ തുറക്കുന്നതും അടയ്ക്കുന്നതും തീരുമാനിക്കുന്നതിന് പുതിയ കമ്മിറ്റി രൂപീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സംസ്ഥാനത്തിന്റെ സ്റ്റാൻഡിങ് കോൺസൽ ജി പ്രകാശ് പറഞ്ഞു.
ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്ന തമിഴ്നാട് നടപടി തടയാൻ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് എടുത്തിട്ടുള്ളതെന്ന് മന്ത്രിമാരായ റോഷി അഗസ്റ്റിനും കെ രാജനും വ്യക്തമാക്കി.