കൂനൂർ
‘പത്തടി മുന്നിലുള്ളത് കാണാനാകാത്ത മഞ്ഞായിരുന്നു ബുധനാഴ്ച. അടുത്തൊന്നും കാലാവസ്ഥ ഇത്ര ഇരുണ്ടിട്ടില്ല. അപകടമുണ്ടായിടത്ത് ഉയരമുള്ള മരമുണ്ട്. ഇതിൽ ഇടിച്ചാകും ഹെലികോപ്റ്റർ തകർന്നത്’-. ഹെലികോപ്റ്റർ അപകടം നടക്കുമ്പോൾ അടുത്തുണ്ടായിരുന്ന രഞ്ജിത് കുമാറിന്റെ വാക്ക്. കാട്ടേരി നഞ്ചപ്പൻഛത്രത്തിലെ സർക്കാർ ഫാം തൊഴിലാളിയാണ് രഞ്ജിത്. അപ്രതീക്ഷിത ദുരന്തത്തിന് സാക്ഷിയായതിന്റെ ഞെട്ടൽ ആ യുവാവിന്റെ കണ്ണുകളിൽ പ്രകടം. നാടിനെ നടുക്കിയ അപകടത്തെക്കുറിച്ച് രഞ്ജിത് കുമാർ ദേശാഭിമാനിയോട് വിവരിച്ചു. ബുധൻ പകൽ പന്ത്രണ്ടോടെ വലിയ ശബ്ദംകേട്ടാണ് വീട്ടിൽനിന്ന് പുറത്തിറങ്ങിയത്. മുന്നിൽ ഒരു മരത്തോളം ഉയരത്തിൽ തീ ആളുന്ന കാഴ്ച. അമ്പരപ്പ് മാറാൻ കുറച്ച് സമയമെടുത്തു. തൊഴിലാളികളുടെ 60 വീടുള്ള കോളനിക്ക് സമീപമാണ് ഈ പൊട്ടിത്തെറി. എല്ലാവരും ഓടിക്കൂടി. പൊലീസിനെയും അഗ്നിരക്ഷാസേനയെയും അറിയിച്ചു. രക്ഷാപ്രവർത്തനത്തിനുള്ള ശ്രമംതുടങ്ങി. ബക്കറ്റും വെള്ളവും മണലുമായി ഞങ്ങൾക്കാകുംവിധം ശ്രമിച്ചു.
ആളിപ്പടർന്ന തീയും മൂടൽമഞ്ഞും തടസ്സമായി. അൽപ്പസമയത്തിനകം പൊലീസും സൈന്യവുമെത്തി. മൃതദേഹമെല്ലാം കത്തിക്കരിഞ്ഞ നിലയിലായിരുന്നു. നാലുമണിയോടെ അവസാനയാളെയും കണ്ടെത്തി. കോളനിയിലെ ശങ്കർ എന്നയാളുടെ വീടിന്റെ അടുക്കളയിൽനിന്നുവരെ പൊട്ടിത്തെറിച്ച ഹെലികോപ്റ്ററിന്റെ അവശിഷ്ടം കണ്ടെത്തി. ശങ്കറും കുടുംബവും ഇല്ലാത്തത് ഭാഗ്യമായി. ഞങ്ങളുടെ വീടിനുമുന്നിൽ വീണ് മരിച്ചത് രാജ്യത്തിന്റെ സേനാ മേധാവിയാണെന്നതെല്ലാം പിന്നീട് ടിവിയിലെ വാർത്തയിലാണ് അറിഞ്ഞതെന്നും -രഞ്ജിത് കുമാർ പറഞ്ഞു.