കൂനൂർ
‘അപകടമറിഞ്ഞ് നിമിഷങ്ങൾക്കകം ഞാനവിടെ എത്തി. തീപ്പൊള്ളലേറ്റ മൂന്നാളുകൾ അവിടെയുണ്ടായിരുന്നു. രക്ഷിക്കുന്നതിനിടെ അതിലൊരാൾ കുടിക്കാൻ വെള്ളം ചോദിച്ചു. ശരീരമാസകലം പൊള്ളിയ അദ്ദേഹത്തെ ബെഡ് ഷീറ്റ് ചുറ്റി ഞങ്ങൾ പുറത്തെടുത്തു. രക്ഷാപ്രവർത്തകർ എത്തി അദ്ദേഹത്തെ അവിടെനിന്ന് മാറ്റി. ആ മനുഷ്യൻ സംയുക്തസേനയുടെ തലവൻ ബിപിൻ റാവത്താണെന്ന് തിരിച്ചറിഞ്ഞത് മണിക്കൂർ കഴിഞ്ഞാണ്’ ഒരു ടിവി ചാനലിനോട് ശിവകുമാർ പറഞ്ഞു.
കോൺട്രാക്ടറായ ശിവകുമാർ ഫാമിലെ തൊഴിലാളിയായ സഹോദരനെ കാണാനാണ് ബുധനാഴ്ച നഞ്ചപ്പൻഛത്രത്തിൽ എത്തിയത്. ഈ സമയമായിരുന്നു അപകടം. രാജ്യത്തെ കാത്ത മനുഷ്യന്റെ അവസാന നിമിഷത്തിൽ ദൃക്സാക്ഷിയാകേണ്ടി വന്നത് ഉറക്കം കെടുത്തുന്നെന്നും ശിവകുമാർ പറഞ്ഞു.