ന്യൂഡൽഹി
സർക്കാർ ഭൂമി കൈയേറിയെന്നാരോപിച്ച് ആയിരക്കണക്കിന് കർഷകരെ കുടിയൊഴിപ്പിക്കുന്ന അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ സര്മയും കുടുംബവും 18 ഏക്കറോളം അനധികൃതമായി കൈവശപ്പെടുത്തിയെന്ന് റിപ്പോർട്ട്. ഹിമന്ത ബിശ്വ സര്മയുടെ ഭാര്യ റിനികി ഭുയാന് സര്മ, മകന് നന്ദില് ബിശ്വ സര്മ എന്നിവരുടെ ഉടമസ്ഥതയിലുള്ള റിയല് എസ്റ്റേറ്റ് കമ്പനി 18 ഏക്കര് സര്ക്കാര് ഭൂമി കൈയേറിയെന്ന് ദ വയര്, ക്രോസ്കറന്റ് എന്നീ മാധ്യമങ്ങൾ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.
പാവപ്പെട്ട കർഷകർക്ക് നല്കാനായി മാറ്റിവച്ച ഭൂമിയാണ് ചട്ടങ്ങൾ ലംഘിച്ച് കമ്പനി കൈവശപ്പെടുത്തിയത്. ഗുവാഹത്തി വിമാനത്താവളത്തിനും ടെക് സിറ്റിക്കും സമീപത്തായാണ് ഇവര് കൈവശപ്പെടുത്തിയ ഭൂമിയുടെ മൂന്നിലൊരു ഭാഗവും. ആര്ബിഎസ് റിയല്റ്റേര്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ സഹസ്ഥാപകയാണ് റിനികി ഭുയാന് സര്മ. നന്ദില് ബിശ്വ സര്മയ്ക്കാണ് കഴിഞ്ഞ സാമ്പത്തിക വര്ഷത്തിലെ കണക്കനുസരിച്ച് കമ്പനിയില് ഏറ്റവും കൂടുതല് ഓഹരി.
2006–2007ലും 2009ലുമായി രണ്ട് ഘട്ടമായാണ് 18 ഏക്കര് ഭൂമി കമ്പനിയുടെ കൈകളിലെത്തിയതെന്നും ഈ കാലയളവില് റിനികി കമ്പനിയുടെ ഡയറക്ടറായിരുന്നുവെന്നും റിപ്പോര്ട്ടില് വ്യക്തമാക്കുന്നു.അന്നത്തെ തരുണ് ഗൊഗോയ് മന്ത്രിസഭയില് ഏറ്റവും സ്വാധീനമുള്ള അംഗങ്ങളില് ഒരാളായിരുന്നു ഹിമന്ത ബിശ്വ സര്മ.
കമ്പനിയുടെ മറ്റൊരു സ്ഥാപക ഡയറക്ടര് രഞ്ജിത് ഭട്ടാചാര്യ ഹിമന്ത ബിശ്വ ശര്മയുമായി ഏറെ അടുപ്പമുള്ള ആളും ബന്ധുവുമാണ്. ബിജെപിയുടെ അസം കിസാന് മോര്ച്ച വൈസ് പ്രസിഡന്റായി ഇദ്ദേഹത്തെ കഴിഞ്ഞ ഒക്ടോബറില് നിയമിച്ചു. കമ്പനിയില് 13.2 ശതമാനം ഓഹരി ഭട്ടാചാര്യക്കുണ്ട്.