ന്യൂഡൽഹി
അടുത്ത സംയുക്ത സേനാമേധാവി ആരാകണമെന്ന ഉന്നതതല ചർച്ച അണിയറയിൽ സജീവം. തീരുമാനം ഒരാഴ്ചയ്ക്കുള്ളിൽ ഉണ്ടാകുമെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ നൽകുന്ന സൂചന. മൂന്ന് സേനാവിഭാഗത്തെയും ഏകോപിപ്പിക്കാൻ പ്രാപ്തിയുള്ള മുതിർന്ന ഉദ്യോഗസ്ഥനാകും സാധ്യത. സേനാവിഭാഗങ്ങളുടെ തലവൻമാരിൽ ഒരാളെ സിഡിഎസാക്കണമെന്ന് ലെഫ്. ജനറൽ ഡി ബി ഷെഖാത്കർ സമിതി നേരത്തേ ശുപാർശ ചെയ്തിരുന്നു. നിലവിൽ കരസേനാമേധാവി ജനറൽ മനോജ് മുകുന്ദ് നരവനെയാണ് സൈന്യത്തിലെ സീനിയർ. കരസേനാമേധാവിയെന്ന നിലയിൽ 2022 ഏപ്രിൽവരെ സേവനകാലയളവുണ്ട്. വ്യോമസേനയുടെ മുൻമേധാവി എയർചീഫ് മാർഷൽ റിട്ട. ആർ കെ എസ് ബദൗരിയയെയും പരിഗണിക്കുന്നതായി റിപ്പോർട്ടുണ്ട്. നാലുപതിറ്റാണ്ട് കാലത്തെ സേവനത്തിന് ശേഷം അടുത്തിടെയാണ് അദ്ദേഹം വിരമിച്ചത്.
വ്യോമസേനാമേധാവിയായി മാർഷൽ വി ആർ ചൗധ്രിയും നാവികസേനാമേധാവിയായി അഡ്മിറൽ ആർ ഹരികുമാറും അടുത്തിടെയാണ് സ്ഥാനമേറ്റത്. മാനദണ്ഡം പാലിച്ചാൽ നരവനെക്ക് നറുക്ക് വീഴും. അങ്ങനെയെങ്കിൽ കരസേനയ്ക്കും പുതിയ മേധാവിയെ കണ്ടെത്തേണ്ടി വരും. ആർമി വൈസ് ചീഫ് ലെഫ്റ്റനന്റ് ജനറൽ സി പി മൊഹന്തിക്കും നോർത്തേൺ ആർമി കമാൻഡർ ലെഫ്. ജനറൽ വൈ കെ ജോഷിക്കുമാണ് സാധ്യത. നിലവിൽ ഖത്തറിലുള്ള ലെഫ്. ജനറൽ സി പി മൊഹന്തി സന്ദർശനം വെട്ടിച്ചുരുക്കി മടങ്ങിയിരുന്നു. സുരക്ഷാസാഹചര്യങ്ങൾ പരിഗണിച്ചാൽ സിഡിഎസ് പദവിയിൽ ഉടൻ നിയമനം നടത്തേണ്ടി വരും. ഇതിൽ സർക്കാർ താൽപ്പര്യങ്ങൾക്കാണ് പ്രഥമപരിഗണന ലഭിക്കാറുള്ളത്. സീനിയോറിറ്റി മറികടന്നായിരുന്നു 2016ൽ ജനറൽ ബിപിൻ റാവത്തിനെ കരസേനാമേധാവിയാക്കിയത്. സീനിയോറിറ്റിയിൽ മുന്നിലായിരുന്ന ലെഫ്. ജനറൽമാരായ പ്രവീൺബക്ഷി, പി എം ഹാരീസ് എന്നിവരെയാണ് അന്ന് തഴഞ്ഞത്. അതുകൊണ്ടുതന്നെ, അവസാനനിമിഷംവരെ സസ്പെൻസ് തുടരും.