ആലപ്പുഴ
പുറക്കാട്ട് ചത്ത താറാവുകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. ഭോപ്പാൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസസിലെ പരിശോധനയിലാണ് സ്ഥിരീകരിച്ചത്. പുറക്കാട് അറുപതിൽചിറ ജോസഫ് ചെറിയാന്റെ (ബാബു) പുരയിടത്തിലെ താറാവുകളുടെ സാമ്പിളിലാണ് എച്ച് 5എൻ1 ഇൻഫ്ലുവൻസ ഇനത്തിൽപ്പെട്ട വൈറസ് കണ്ടെത്തിയത്. ഇയാളുടെ ആയിരക്കണക്കിന് താറാവുകൾ കഴിഞ്ഞ ദിവസം ചത്തു. ഇതോടെ തിരുവല്ലയിലെ പക്ഷിരോഗ നിർണയകേന്ദ്രം അധികൃതർ പക്ഷിപ്പനി സാധ്യത ചൂണ്ടിക്കാട്ടിയിരുന്നു.
അതിനാലാണ് തിരുവനന്തപുരം പാലോട് സ്റ്റേറ്റ് അനിമൽ ഡിസീസിൽ നിന്നു സാമ്പിൾ ഭോപ്പാലിലേക്ക് നൽകിയത്. ദേശാടനപക്ഷികളിൽ നിന്ന് പകർന്നതാകാമെന്നാണ് കരുതുന്നത്. തകഴി, നെടുമുടി, പള്ളിപ്പാട് അടക്കം ആയിരക്കണക്കിന് താറാവുകൾ കഴിഞ്ഞദിവസം ചത്തിരുന്നു. ഇവിടെനിന്നും സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
അറുപതിൽചിറ മേഖലയിൽ മൃഗസംരക്ഷണവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ താറാവുകളെ കൊന്ന് കത്തിച്ച് മറവുചെയ്തു. 2014–-16 വർഷങ്ങളിൽ പക്ഷിപ്പനി ബാധിച്ച് ആയിരക്കണക്കിന് താറാവുകളാണ് ആലപ്പുഴയിൽ ചത്തത്. കഴിഞ്ഞ ജനുവരിയിൽ പക്ഷിപ്പനി മൂലവും മെയ് മാസത്തിൽ ബാക്ടീരിയ ബാധമൂലവും താറാവുകൾ ചത്തിരുന്നു.