ന്യൂഡൽഹി
അയോധ്യയിൽ പുതിയ ക്ഷേത്രം നിർമിക്കാൻ വഴിയൊരുക്കുന്ന ഉത്തരവ് പുറപ്പെടുവിച്ചശേഷം രാത്രി പഞ്ചനക്ഷത്ര ഹോട്ടലിൽ ആഘോഷിച്ചതായി സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസും രാജ്യസഭാ എംപിയുമായ രഞ്ജൻ ഗൊഗോയ്. ‘ജസ്റ്റിസ് ഫോർ ദി ജഡ്ജ്’ ആത്മകഥയിലാണ് വെളിപ്പെടുത്തൽ.
2019 നവംബർ ഒമ്പതിന് വിധി പുറപ്പെടുവിച്ചശേഷം ഡൽഹിയിലെ താജ്മാൻസിങ്ങിൽ ചൈനീസ് വിഭവങ്ങളും വിശിഷ്ടമായ വൈനും കഴിച്ച് ആഘോഷിച്ചെന്നാണ് വെളിപ്പെടുത്തൽ. വിധി പറഞ്ഞ അഞ്ചംഗ ബെഞ്ചിൽ മുൻ ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ, മുൻ ജഡ്ജി അശോക് ഭൂഷൺ, ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, എസ് അബ്ദുൾ നസീർ എന്നിവരുമുണ്ടായിരുന്നു.
കേന്ദ്ര സർക്കാരിന് അനഭിമതനായ ജസ്റ്റിസ് അഖിൽ ഖുറേഷിയെ മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസാക്കാനുള്ള കൊളീജിയം ശുപാർശ പിൻവലിച്ചത് ഭരണഘടനാ സ്ഥാപനങ്ങൾ തമ്മിലുള്ള സംഘട്ടനം ഒഴിവാക്കാനായിരുന്നു. 2018ൽ അന്നത്തെ ചീഫ് ജസ്റ്റിസായിരുന്ന ദീപക് മിശ്രയ്ക്ക് എതിരായ വാർത്താസമ്മേളനത്തിൽ പങ്കെടുത്തത് ശരിയാണെന്ന് വിശ്വസിക്കുന്നു. എന്നാൽ, ജസ്റ്റിസ് ചെലമേശ്വറിന്റെ വീട്ടിൽ ഇത്രയും വലിയ വാർത്താസമ്മേളനമാകും നടക്കാൻ പോകുന്നതെന്ന ധാരണയുണ്ടായിരുന്നില്ല–- ആത്മകഥയിൽ പറഞ്ഞു.
തനിക്കെതിരെ സുപ്രീംകോടതി ജീവനക്കാരി ഉന്നയിച്ച ലൈംഗികാതിക്രമ പരാതി പരിഗണിച്ച ബെഞ്ചിൽ അംഗമായത് ശരിയായില്ലെന്നും ബുധനാഴ്ചത്തെ പുസ്തകപ്രകാശന ചടങ്ങിൽ അദ്ദേഹം സമ്മതിച്ചു.