ന്യൂഡൽഹി
ഹെലികോപ്റ്റർ ദുരന്തത്തിൽ അന്തരിച്ച പ്രഥമ സംയുക്തസേനാ മേധാവി ജനറൽ ബിപിൻ റാവത്തിനും ഭാര്യ മധുലിക റാവത്തിനും മറ്റ് സൈനികര്ക്കും രാഷ്ട്രത്തിന്റെ പ്രണാമം. മൃതദേഹങ്ങൾ വ്യാഴം രാത്രി എട്ടോടെ ഡൽഹിയിൽ എത്തിച്ചു. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധമന്ത്രി രാജ്നാഥ് സിങ് തുടങ്ങിയവർ പാലം വിമാനത്താവളത്തിലെത്തി അന്ത്യാഞ്ജലി അർപ്പിച്ചു. കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.
ജനറൽ റാവത്തിന്റെയും ഭാര്യയുടെയും മൃതദേഹങ്ങൾ വെള്ളിയാഴ്ച പകൽ കാമരാജ് മാർഗിലെ മൂന്നാം നമ്പർ വസതിയിൽ പൊതുദർശനത്തിന് വയ്ക്കും. പതിനൊന്നുമുതൽ പന്ത്രണ്ടരവരെ പൊതുജനങ്ങൾക്ക് അന്ത്യാഞ്ജലി അർപ്പിക്കാം. തുടർന്ന്, ഗൺ ക്യാരിയേജിൽ ഡൽഹി കാന്റിലെ ബ്രാർ സ്ക്വയറില് സംസ്കരിക്കും.
വ്യോമസേനയുടെ സി–-130ജെ സൂപ്പർ ഹെർക്കുലിസ് വിമാനത്തിലാണ് അപകടത്തിൽ മരിച്ച 13 പേരുടെ മൃതദേഹവും സൂളൂരിൽനിന്ന് ഡൽഹിയിൽ എത്തിച്ചത്. വ്യാഴാഴ്ച പകൽ 11ന് സൈനിക അകമ്പടിയോടെ ഊട്ടി വെല്ലിങ്ടൺ മദ്രാസ് റെജിമെന്റ് സെന്ററിൽ എത്തിച്ച മൃതദേഹങ്ങളിൽ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അടക്കമുള്ളവര് അന്ത്യാഞ്ജലി അർപ്പിച്ചു. ഗാർഡ് ഓഫ് ഓണറും നൽകി. പൊതുദർശനത്തിനുശേഷം മൃതദേഹങ്ങൾ റോഡ് മാർഗമാണ് സൂളൂരിലേക്ക് കൊണ്ടുപോയത്.
തിരിച്ചറിഞ്ഞത് നാല് മൃതദേഹംമാത്രം
ജനറൽ ബിപിൻ റാവത്ത്, ഭാര്യ മധുലിക, ബ്രിഗേഡിയർ എൽ എസ് ലിദർ, ലാന്സ് നായ്ക് വിവേക് കുമാര് എന്നിവരുടെ മൃതദേഹം മാത്രമാണ് ഇതുവരെ തിരിച്ചറിഞ്ഞത്. മലയാളിയായ അസിസ്റ്റന്റ് വാറന്റ് ഓഫീസര് എ പ്രദീപ് അടക്കം ഒമ്പത് പേരുടെ മൃതദേഹം തിരിച്ചറിയാനുള്ള പരിശോധന തുടരുന്നു. തിരിച്ചറിയൽ പ്രക്രിയ പൂർത്തീകരിക്കുംവരെ മൃതദേഹങ്ങൾ ആർമി ബേസ് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിക്കും.
സംയുക്ത സൈനിക സംഘം അന്വേഷിക്കും
ഹെലികോപ്റ്റർ അപകടം എയർ മാർഷൽ മാനവേന്ദ്ര സിങ്ങിന്റെ നേതൃത്വത്തിലുള്ള സംയുക്ത സൈനികസംഘം അന്വേഷിക്കുമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങ് പാർലമെന്റിൽ അറിയിച്ചു. ബുധനാഴ്ചതന്നെ സംഘം വെല്ലിങ്ടണിൽ എത്തി. മരണത്തിൽ പാർലമെന്റിന്റെ ഇരുസഭയും അനുശോചിച്ചു. മൃതദേഹങ്ങൾ പൂർണ സൈനിക ബഹുമതികളോടെ സംസ്കരിക്കുമെന്ന് മന്ത്രി പറഞ്ഞു.
വെല്ലിങ്ടൺ ഡിഫൻസ് സർവീസ് സ്റ്റാഫ് കോളേജിലെ സംവാദ പരിപാടിയിൽ പങ്കെടുക്കാനാണ് റാവത്ത് പോയത്. സൂളൂർ വ്യോമതാവളത്തിൽനിന്ന് 11.48ന് ഹെലികോപ്റ്ററിൽ പുറപ്പെട്ടു. 12.15ന് എത്തേണ്ടിയിരുന്നു. 12.08ന് സൂളൂരിലെ എയർ ട്രാഫിക് കൺട്രോളിന് ഹെലികോപ്റ്ററുമായുള്ള ബന്ധം നഷ്ടമായി. കണ്ടെത്തിയവരെ വെല്ലിങ്ടൺ സൈനിക ആശുപത്രിയിൽ എത്തിച്ചു. ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ് ചികിത്സയിലാണ്–- രാജ്നാഥ് പറഞ്ഞു.
പാർലമെന്റിൽ ജനറൽ റാവത്തിന് അന്ത്യാഞ്ജലി അർപ്പിച്ചു സംസാരിക്കാൻ അനുവദിക്കാത്തതിൽ പ്രതിപക്ഷ പാർടികൾ പ്രതിഷേധിച്ചു. മാധ്യമങ്ങളിൽ വന്നതിനപ്പുറം മന്ത്രിയുടെ പ്രസ്താവനയിൽ ഒന്നുമില്ലെന്നും കുറ്റപ്പെടുത്തി. അന്വേഷണം സൈനികതലത്തിൽ മാത്രമായി പരിമിതപ്പെടുത്തിയതും വിമർശിക്കപ്പെട്ടു. സസ്പെൻഡ് ചെയ്യപ്പെട്ട 12 രാജ്യസഭാംഗങ്ങളുടെ ധർണ ജനറൽ റാവത്തിനോടുള്ള ആദരസൂചകമായി വ്യാഴാഴ്ച ഉപേക്ഷിച്ചു.