ന്യൂഡൽഹി
ജനറൽ ബിപിൻ റാവത്തടക്കം 13 പേർ കൊല്ലപ്പെട്ട ഹെലികോപ്റ്റർ അപകടം നടന്ന് ഒരു ദിവസം പിന്നിടുമ്പോഴും ഇതിന്റെ കാരണങ്ങൾ സംബന്ധിച്ച് അവ്യക്തതകൾ തുടരുന്നു. കോടമഞ്ഞ് സൃഷ്ടിച്ച കാഴ്ചക്കുറവാകാം അപകടത്തിലേക്ക് നയിച്ചതെന്ന നിഗമനമാണ് പൊതുവെ ഉയരുന്നതെങ്കിലും യഥാർഥ കാരണമറിയാൻ ബ്ലാക്ക് ബോക്സിലെ വിവരങ്ങൾതന്നെയാകും നിർണായകമാകുക.
സംയുക്തസേനാ മേധാവിയെന്ന സമുന്നത വ്യക്തിയുമായി മോശം കാലാവസ്ഥയിൽ ഒരു ‘സാഹസിക’ യാത്രയ്ക്ക് തുനിഞ്ഞതിന്റെ പ്രേരകഘടകങ്ങളും പുറത്തുവരേണ്ടതുണ്ട്. സൂളൂർ വ്യോമതാവളത്തിൽനിന്ന് വെല്ലിങ്ടൺ കന്റോൺമെന്റിലേക്ക് 90 കിലോമീറ്ററിനടുത്താണ് ദൂരം. ഹെലികോപ്റ്ററിൽ മുക്കാൽ മണിക്കൂറിലും റോഡുമാർഗമെങ്കിൽ ഒരു വിവിഐപി വാഹനവ്യൂഹത്തിന് രണ്ടര മണിക്കൂറിൽ താഴെ സമയംകൊണ്ടും ഈദൂരം താണ്ടാം.
പകൽ 11.35ന് സൂളൂർ വ്യോമതാവളത്തിൽ ജനറൽ ബിപിൻ റാവത്തും സംഘവും എത്തിയിരുന്നു. 11.44ന് ഹെലികോപ്റ്റർ വെല്ലിങ്ടണിലേക്ക് പറന്നു. യാത്ര അവസാനിക്കാൻ മിനിറ്റുകൾമാത്രം ശേഷിക്കെ 12.20ന് കോപ്റ്റർ തകർന്നുവീണു. മോശം കാലാവസ്ഥ പരിഗണിച്ച് റോഡുമാർഗം തിരിച്ചിരുന്നെങ്കിലും നിശ്ചയിച്ച സമയത്ത് സംഘത്തിന് വെല്ലിങ്ടണിൽ എത്താനാകുമായിരുന്നു. അതുകൊണ്ടുതന്നെയാണ് രാജ്യത്തെ ഏറ്റവും തന്ത്രപ്രധാന പദവി വഹിക്കുന്ന വ്യക്തിക്കായി ‘അപകടകരമായ’ ഹെലികോപ്റ്റർ യാത്ര എന്തുകൊണ്ട് തെരഞ്ഞെടുത്തുവെന്ന ചോദ്യമുയരുന്നത്.
അതീവ സുരക്ഷിതമെന്ന് അവകാശപ്പെടുമ്പോഴും എട്ട് വർഷത്തിനിടെ ഏഴുവട്ടം എംഐ ഹെലികോപ്റ്ററുകൾ അപകടത്തിൽപ്പെട്ടിട്ടുണ്ട്. തീപിടിച്ചാൽ പെട്ടെന്ന് കെടുത്തുന്നതിനുള്ള സംവിധാനങ്ങളുടെ അഭാവവും വൈമാനികരുടെ വൈദഗ്ധ്യമില്ലായ്മയുമെല്ലാമാണ് നേരത്തേയുണ്ടായ അപകടങ്ങളുടെ കാരണമായി വിലയിരുത്തപ്പെടുന്നത്. പ്രോട്ടോകോൾ പ്രകാരം വിഐപി യാത്രകൾക്ക് മുമ്പായി മൂന്ന് ഘട്ടത്തിലായി യന്ത്രപരിശോധനയും മറ്റുമുണ്ടാകും.
കനത്ത മൂടൽമഞ്ഞിൽ കാഴ്ചപരിധി കുറഞ്ഞതിനാൽ താഴ്ന്നുപറന്നത് അപകടകാരണമായിട്ടുണ്ടാകാം. എന്നാൽ, ഇത്തരമൊരു ഗുരുതര വീഴ്ചയിലേക്ക് കാര്യങ്ങൾ എങ്ങനെ എത്തിയെന്നതാണ് സൈന്യവും സർക്കാരുമെല്ലാം വിശദീകരിക്കേണ്ടത്.
ബ്ലാക്ക് ബോക്സ് കണ്ടെത്തി
ഊട്ടി കൂനൂരിൽ തകർന്ന സൈനിക ഹെലികോപ്റ്ററിന്റെ യാത്രാ വിവരങ്ങളുള്ള ബ്ലാക്ക് ബോക്സ് കണ്ടെത്തി. കാട്ടേരി – നഞ്ചപ്പൻചത്രം ഫാമിനോട് ചേർന്ന വനമേഖലയിൽനിന്നാണ് ലഭിച്ചത്. തമിഴ്നാട് പൊലീസിന്റെ സഹായത്തോടെ വ്യോമസേനയാണ് ഇവിടെ തിരച്ചിൽ നടത്തിയത്. അപകടസമയം കോക്പിറ്റിൽ ഉണ്ടായ സംഭാഷണം ഇതിൽനിന്ന് ലഭിക്കും. അപകടകാരണം കണ്ടെത്താൻ ഇത് സഹായിക്കും.
വ്യോമസേനാ ഉന്നത ഉദ്യോഗസ്ഥരും ഫോറൻസിക് വിദഗ്ധരും പ്രദേശത്ത് പരിശോധന തുടരുന്നുണ്ട്. കനത്ത മൂടൽമഞ്ഞിനെത്തുടർന്ന് കാഴ്ച തടസ്സപ്പെട്ടതാകാം അപകട കാരണമെന്നാണ് നിഗമനം. വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ വി ആർ ചൗദരി, തമിഴ്നാട് പൊലീസ് മേധാവി സി സൈലേന്ദ്ര ബാബു എന്നിവർ ചേർന്ന് വ്യാഴം രാവിലെ അപകടസ്ഥലം സന്ദർശിച്ചു.