ന്യൂഡൽഹി
ഡൽഹി അതിർത്തികളിൽ 378 ദിവസമായി സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ നടന്നുവന്ന ഐതിഹാസിക കർഷകസമരത്തിന് വൻ വിജയം. കാർഷിക നിയമങ്ങൾ പിൻവലിച്ചതിനു പിന്നാലെ കർഷകർ ഉന്നയിച്ച ആറ് ആവശ്യത്തിൽ അഞ്ചെണ്ണം അംഗീകരിച്ചതായി കേന്ദ്രസർക്കാർ എഴുതി ഒപ്പിട്ട് നൽകി. ജനറൽ ബിപിൻ റാവത്ത് അടക്കമുള്ളവരുടെ നിര്യാണത്തെ തുടർന്ന് ആഹ്ലാദപ്രകടനങ്ങൾ ഒഴിവാക്കി. ശനിയാഴ്ച വിജയദിനാഘോഷത്തോടെ കർഷകർ ഗ്രാമങ്ങളിലേക്ക് മടങ്ങുമെന്ന് കിസാൻ മോർച്ച അറിയിച്ചു. കിസാൻ മോർച്ച ഉപസമിതിയും കേന്ദ്രസർക്കാരും തമ്മിൽ നടത്തിവന്ന ആശയവിനിമയത്തെ തുടർന്ന് കൃഷി സെക്രട്ടറി ഔദ്യോഗികമായി ഉറപ്പുകൾ എഴുതി കൈമാറി. ലഖിംപുർ ഖേരി കർഷക കൂട്ടക്കൊലയ്ക്ക് ഉത്തരവാദിയായ അജയ് മിശ്രയെ കേന്ദ്രമന്ത്രിസഭയിൽനിന്ന് പുറത്താക്കണമെന്നതൊഴികെയുള്ള ആവശ്യം സർക്കാർ അംഗീകരിച്ചു. അജയ് മിശ്ര മന്ത്രിസഭയിൽ തുടരുന്നതിന്റെ അധാർമികത ജനങ്ങൾക്ക് മുന്നിൽ സമർപ്പിക്കുകയാണെന്ന് കിസാൻ മോർച്ച നേതാക്കൾ പറഞ്ഞു. കേസ് ഹൈക്കോടതി റിട്ട. ജഡ്ജിയുടെ മേൽനോട്ടത്തിൽ പ്രത്യേക സംഘം അന്വേഷിക്കുകയാണ്.
കർഷകർ പൊരുതിനേടിയ ഉജ്വല വിജയം ലഖിംപുർ ഖേരിയിൽ കൊല്ലപ്പെട്ടവരടക്കമുള്ള 715 രക്തസാക്ഷികൾക്ക് സമർപ്പിക്കുന്നെന്ന് കിസാൻ മോർച്ച പ്രതികരിച്ചു. കർഷകരുടെ ഐക്യവും ക്ഷമയുമാണ് വിജയത്തിലേക്ക് നയിച്ചത്. ട്രേഡ് യൂണിയനുകളും മഹിളാ സംഘടനകളും വിദ്യാർഥി–-യുവജന പ്രസ്ഥാനങ്ങളും കർഷകർക്കൊപ്പം പൊരുതി. അഭിഭാഷകരും ഡോക്ടർമാരും വ്യാപാരികളും കലാകാരന്മാരും മനുഷ്യാവകാശ പ്രവർത്തകരും സഹായിച്ചു. യോഗങ്ങൾക്ക് ദേശീയപാതയോരത്തെ ഭക്ഷണശാല ഉടമകൾ ഇടമൊരുക്കി.
ഭക്ഷണവിതരണത്തിന് വിവിധ മതവിശ്വാസികൾ സഹായിച്ചു. വിദേശ ഇന്ത്യക്കാരും രാജ്യാന്തര കർഷക പ്രസ്ഥാനങ്ങളും ഐക്യദാർഢ്യമേകി. നൂറുകണക്കിന് വളന്റിയർമാർ സമയവും ഊർജവും ചെലവിട്ടു. പിന്തുണ നൽകിയ എല്ലാവർക്കും കിസാൻ മോർച്ച നന്ദി പ്രകടിപ്പിച്ചു.
നിയമപരമായ താങ്ങുവില ഉറപ്പാക്കാൻ പോരാട്ടം തുടരും. കിസാൻ മോർച്ചയുടെ അടുത്ത യോഗം ജനുവരി 15ന് ഡൽഹിയിൽ ചേരും. കേന്ദ്രത്തിന്റെ വാഗ്ദാനങ്ങൾ പാലിക്കപ്പെടുന്നെന്ന് ഉറപ്പാക്കും.
സുദീർഘമായ പോരാട്ടത്തിൽ ചരിത്രവിജയം നേടിയ കർഷകരെ അഭിനന്ദിക്കുന്നതായി അഖിലേന്ത്യാ കിസാൻസഭ പ്രസിഡന്റ് അശോക് ധാവ്ളെയും ജനറല്സെക്രട്ടറി ഹന്നന് മൊള്ളയും പറഞ്ഞു
അംഗീകരിച്ച
ആവശ്യം
മിനിമം താങ്ങുവിലയെക്കുറിച്ച് പഠിക്കാൻ
നിയോഗിക്കുന്ന സമിതിയിൽ കേന്ദ്ര–-സംസ്ഥാന സർക്കാരുകളുടെയും സംയുക്ത കിസാൻ
മോർച്ചയുടെയും പ്രതിനിധികളെയും കാർഷിക വിദഗ്ധരെയും ഉൾപ്പെടുത്തും. നിലവിൽ
സർക്കാർ പ്രഖ്യാപിച്ച താങ്ങുവില പ്രകാരമുള്ള സംഭരണം തുടരും
സമരവുമായി ബന്ധപ്പെട്ട് കർഷകർക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കും. സംസ്ഥാന സർക്കാരുകളും ഇക്കാര്യം
സമ്മതിച്ചിട്ടുണ്ട്
രക്തസാക്ഷികളായ കർഷകരുടെ
കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകും
വൈദ്യുതി നിയമ ഭേദഗതി ബില്ലിനെക്കുറിച്ച് കർഷകനേതാക്കൾ ഉൾപ്പെടെയുള്ളവരുമായി ചർച്ച നടത്തും
തലസ്ഥാനനഗര മലിനീകരണ നിയമത്തിലെ കർഷകദ്രോഹ വകുപ്പുകൾ ഒഴിവാക്കും