മനാമ > യുഎഇ എമിറേറ്റായ ഷാര്‍ജയില്‍ മൂന്നു ദിവസത്തെ വാരാന്ത്യ അവധി പ്രഖ്യാപിച്ചു. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലായിരിക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അവധി. രാവിലെ ഏഴര മുതല്‍ വൈകീട്ട് മൂന്നര വരെയാണ് ജോലി സമയം. ജനുവരി ഒന്നിന് നിലവില്‍ വരും.
ഷാര്‍ജ ഭരണാധികാരി ഡോ. ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ നിര്‍ദേശപ്രകാരം ഷാര്‍ജ എക്സിക്യൂട്ടീവ് കൗണ്‍സിലാണ് തീരുമാനമെടുത്ത്ത്.
വാരാന്ത്യ അവധിയില്‍ ഞായറാഴ്ച ഉള്‍പ്പെടുത്തി തിങ്കള്‍ മുതല്‍ വെള്ളി ഉച്ചവരെ നീളുന്ന നാലര ദിവസത്തെ പ്രവൃത്തി ദിവസം യുഎഇ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഷാര്‍ജ വെള്ളിയാഴച് കൂടി പൂര്‍ണ അവധിയില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. യുഎഇ നിയമ പ്രകാരം ഇത്തരം കാര്യങ്ങളില്‍ ഫെഡറല്‍ എമിറേറ്റുകള്‍ക്ക് സ്വന്തം നിലക്ക് തീരുമാനമെടുക്കാനുള്ള അധികാരമുണ്ട്.
അതേസമയം, യുഎഇയുടെ വാരാന്ത്യ അവധി ശനി, ഞായര്‍ എന്ന സമ്പ്രദായം ഫുജൈറ സര്‍ക്കാര്‍ സ്വീകരിച്ചു. ഫുജൈറ എമിറേറ്റിലുടനീളമുള്ള എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഈ സംവിധാനം നടപ്പാക്കും, പ്രവൃത്തി ആഴ്ച തിങ്കള്‍ മുതല്‍ വ്യാഴം വരെ ആയിരിക്കും, വെള്ളിയാഴ്ച ജോലി ഉച്ചവരെ മാത്രം. ജനുവരി 1 മുതല്‍ പ്രാബല്യത്തില്‍ വരും, ജനുവരി 2 ഞായറാഴ്ച ഔദ്യോഗിക അവധി ആയിരിക്കും.