തിരുവനന്തപുരം: മുല്ലപ്പെരിയാറിൽ മരംമുറിക്ക് ഉത്തരവിട്ട ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസിന്റെ സസ്പെൻഷൻ പിൻവലിച്ചു. സസ്പെൻഷൻ റിവ്യൂ കമ്മിറ്റി ശുപാർശ പ്രകാരമാണ് നടപടി. ബെന്നിച്ചൻ തോമസിന്റെ സസ്പെൻഷൻ പിൻവലിക്കണമെന്ന സിവിൽ സർവീസസ് ഉദ്യോഗസ്ഥരുടെ സമ്മർദ്ദത്തിന് സർക്കാർ വഴങ്ങിയെന്നാണ് സൂചന.
മുല്ലപ്പെരിയാർ ബേബി ഡാമിലെ മരംമുറിക്ക് അനുമതി നൽകിയതിനാണ് സംസ്ഥാനത്തെ പ്രധാനപ്പെട്ട ഐ.എഫ്.എസ്. ഉദ്യോഗസ്ഥനും വൈൽഡ് ലൈഫ് വാർഡനുമായ ബെന്നിച്ചൻ തോമസിസിനെ സസ്പെൻഡ് ചെയ്തത്. നവംബർ 11-നായിരുന്നു നടപടി. എന്നാൽ സസ്പെൻഷൻ റിവ്യൂ കമ്മിറ്റിയുടെ ശുപാർശപ്രകാരമാണ് ബെന്നിച്ചന് എതിരായ നടപടി പിൻവലിച്ചിരിക്കുന്നത്.
ബെന്നിച്ചൻ തോമസിന്റെ ഉത്തരവ് പ്രകാരം മരംമുറി നടന്നിട്ടില്ലെന്ന് സസ്പെൻഷൻ റിവ്യൂ കമ്മിറ്റി ചൂണ്ടിക്കാണിച്ചു. മേലിൽ മുല്ലപ്പെരിയാർ ഡാമുമായി ബന്ധപ്പെട്ട് എടുക്കുന്ന നടപടികൾ വനംവകുപ്പു മേധാവിയെയും സർക്കാരിനെയും അറിയിച്ചാകണം എന്ന ഉപാധിയുടെ അടിസ്ഥാനത്തിൽ ബെന്നിച്ചനെ തിരിച്ചെടുക്കണമെന്നായിരുന്നു ശുപാർശ. സസ്പെൻഷൻ റിവ്യൂ കമ്മിറ്റിയുടെ ശുപാർശ അംഗീകരിച്ചുകൊണ്ടാണ് ഇപ്പോൾ ബെന്നിച്ചൻ തോമസിന്റെ സസ്പെൻഷൻ പിൻവലിച്ചിരിക്കുന്നത്.
നേരത്തെ ബെന്നിച്ചന്റെ സസ്പെൻഷൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഐ.എഫ്.എസ്. അസോസിയേഷനും വനംവകുപ്പിലെ ഉദ്യോഗസ്ഥ സംഘനകളും സർക്കാരിൽ സമ്മർദം ചെലുത്തിയിരുന്നു. സിവിൽ സർവീസസ് അസോസിയേഷനും സമാന ആവശ്യം ഉന്നയിച്ചിരുന്നു. അതിനിടെ, ഉദ്യോഗസ്ഥതലത്തിലെ മറ്റ് വീഴ്ചകളെക്കുറിച്ച് അന്വേഷിച്ച ചീഫ് സെക്രട്ടറി വി.പി. ജോയിയുടെ റിപ്പോർട്ടും സർക്കാരിന് കിട്ടി. എന്നാൽ ഈ റിപ്പോർട്ടിൽ കാര്യമായ കണ്ടെത്തലുകളോ കുറ്റപ്പെടുത്തലുകളോ ഇല്ലെന്നാണ് സൂചന. ഈ റിപ്പോർട്ടിലും ഒരു നടപടിയും എടുത്തിട്ടില്ല.
content highlights:mullaperiyar babydam tree felling: bennichan thomass suspension revoked