ഊട്ടി > കുനൂരിൽ വ്യോമസേനാ ഹെലികോപ്റ്റർ അപകടത്തിൽ അന്തരിച്ച സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത് അടക്കമുള്ളവർക്ക് അന്തിമോപചാരം അർപ്പിച്ച് രാജ്യം. ഊട്ടി വെല്ലിങ്ടൺ മദ്രാസ് റെജിമെന്റ് സെന്ററിൽ ജനറൽ ബിപിൻ റാവത്ത്, ഭാര്യ മധുമിത, 11 സൈനികർ എന്നിവരുടെ മൃതദേഹം രാവിലെ 11ഓടെ പൊതുദർശനത്തിനായി എത്തിച്ചു. വെല്ലിങ്ടണിലെ സൈനിക ആശുപത്രിയിൽനിന്ന് മൃതദേഹങ്ങൾ സൈനികവ്യൂഹത്തിന്റെ അകമ്പടിയോടെയാണ് മദ്രാസ് റെജിമെന്റ് സെൻററിലേക്ക് എത്തിച്ചത്.
ബ്രിഗേഡിയര് എല് എസ് ലിഡ്ഡര്, ലെഫ്. കേണല് ഹര്ജീന്ദര് സിങ്, എന് കെ ഗുര്സേവക് സിങ്, എന് കെ ജിതേന്ദ്രകുമാര്, ലാന്സ് നായിക് വിവേക് കുമാര്, ലാന്സ് നായിക് ബി സായ് തേജ, ഹവീല്ദാര് സത്പാല്, ജൂനിയർ വാറന്റ് ഓഫീസർ മലയാളിയായ എ പ്രദീപ് എന്നിവരാണ് ഇന്നലെ അപകടത്തിൽ അന്തരിച്ചത്.ക്യാപ്റ്റൻ വരുൺസിങ്. മാത്രമാണ് അപകടത്തിൽനിന്ന് രക്ഷപ്പെട്ടത്.
തമിഴ്നാട് ഗവര്ണര് ആര് എന് രവി, മുഖ്യമന്ത്രി എം കെ സ്റ്റാലിന്, സംസ്ഥാന മന്ത്രിമാര്, മുതിർന്ന സൈനിക ഉദ്യോഗസ്ഥര് തുടങ്ങിയവര് അന്തിമോപചാരം അർപ്പിച്ചു. മൃതദേഹങ്ങൾ ഉച്ചയോടെ സുളൂരിലെ വ്യോമസേന താവളത്തിൽ എത്തിക്കും. വൈകിട്ട് പ്രത്യേക വിമാനത്തിൽ മൃതദേഹങ്ങൾ ഡൽഹിയിൽ എത്തിക്കും.
ബിപിൻ റാവത്തിന്റെയും ഭാവ്യ മധുമിതയുടേയും മൃതദേഹങ്ങൾ വീട്ടിൽ നാളെ രാവിലെ 11 മുതൽ ഉച്ചയ്ക്ക് 2 വരെ അന്തിമോപചാരം അർപ്പിക്കാൻ അനുവദിക്കും. തുടർന്ന് കാമരാജ് മാർഗിൽ നിന്ന് ഡൽഹി കന്റോൺമെന്റിലെ ബ്രാർ സ്ക്വയർ ശ്മശാനത്തിലേക്ക് മൃതശരീരം കൊണ്ടുപോകും. എല്ലാ ബഹുമതികളും നൽകിയാകും സംസ്കാര ചടങ്ങുകൾ നടക്കുക.
അപകടത്തിൽ അന്തരിച്ച മറ്റു സൈനികരുടെ മൃതദേഹങ്ങൾ വെല്ലിഗ്ടണ് മദ്രാസ് റെജിമെന്റ് സെന്ററിലെ പൊതുദര്ശനത്തിന് ശേഷം സ്വദേശങ്ങളിലേക്ക് കൊണ്ടുപോകും.
ഹെലികോപ്ടർ ദുരന്തമുണ്ടായ കൂനുരിലെ വനമേഖലയിൽ വ്യോമസേന മേധാവി വി.ആർ.ചൗധരിയും തമിഴ്നാട് പൊലീസ് മേധാവി ശൈലേന്ദ്രബാബുവും നേരിട്ടെത്തി പരിശോധന നടത്തി.