ന്യൂഡൽഹി> കുനൂരിൽ സൈനിക ഹെലികോപ്റ്റർ ദുരന്തത്തിൽ അന്തരിച്ച സംയുക്ത സേന മേധാവി ബിപിൻ റാവത്തിന്റെയും ഭാര്യയുടെയും സംസ്കാര ചടങ്ങുകൾ നാളെ നടക്കും. ദുരന്തത്തെ കുറിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ്സിങ് രാവിലെ 11.15ന് ലോകസഭയിൽ പ്രസ്താവന നടത്തും.
ഇന്ന് വൈകിട്ടോടെ സൈനിക വിമാനത്തിൽ ഇവരുടെ മൃതദേഹങ്ങൾ ഡൽഹിയിൽ എത്തിക്കും. നാളെ അദ്ദേഹത്തിന്റെ വീട്ടിൽ രാവിലെ 11 മുതൽ ഉച്ചയ്ക്ക് 2 വരെ അന്തിമോപചാരം അർപ്പിക്കാൻ അനുവദിക്കും. തുടർന്ന് കാമരാജ് മാർഗിൽ നിന്ന് ദില്ലി കന്റോൺമെന്റിലെ ബ്രാർ സ്ക്വയർ ശ്മശാനത്തിലേക്ക് മൃതശരീരം കൊണ്ടുപോകും. എല്ലാ ബഹുമതികളും നൽകിയാകും സംസ്കാര ചടങ്ങുകൾ നടക്കുക.
ഊട്ടി വെല്ലിങ്ടൺ മദ്രാസ് റെജിമെൻറ് സെൻററിൽ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും ഗവർണറും വ്യോമസേനാ മേധാവിയും പുഷ്പചക്രം സമർപ്പിക്കും.
റാവത്തിന്റെ സ്വദേശമായ ഉത്തരാഖണ്ഡിൽ മൂന്ന് ദിവസത്തെ ഔദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്