തൃശൂർ: കൂനൂരിൽ സൈനിക ഹെലികോപ്ടർ അപകടത്തിൽ ജൂനിയർ വാറന്റ് ഓഫീസർ പ്രദീപ് മരിച്ചതിന്റെ ഞെട്ടലിലാണ് തൃശൂർ പുത്തൂർ പൊന്നൂക്കര ഗ്രാമം. മകന്റെ വിയോഗ വിവരം ആശുപത്രിയിൽഗുരുതരാവസ്ഥയിൽ കഴിയുന്ന അച്ഛനെ അറിയിച്ചിട്ടില്ല. ശ്വാസകോശരോഗത്തെ തുടർന്ന് പ്രദീപിന്റെ അച്ഛൻ രാധാകൃഷ്ണൻ വെന്റിലേറ്ററിൽ കഴിയുകയാണ്.ഗുരുതര ആരോഗ്യപ്രശ്നങ്ങളുമായി കഴിയുന്ന അച്ഛനെപ്പറ്റിയായിരുന്നു പ്രദീപിന്എപ്പോഴും ആശങ്ക. രണ്ടാഴ്ചത്തെ അവധിക്കു വന്നപ്പോഴും മുഴുവൻ സമയവും അച്ഛനൊപ്പം ആശുപത്രിയിലാണ് കഴിഞ്ഞത്. രണ്ടുദിവസം മുമ്പുവരെ വീട്ടിലേക്ക് അച്ഛനെ വിളിച്ച് വിശേഷങ്ങൾ തിരക്കിയിരുന്നു.
സൈനിക ഹെലികോപ്ടർ അപകടത്തിൽ പ്രദീപും മരിച്ചുവെന്ന വാർത്ത ബുധനാഴ്ച രാത്രി ഏഴരയോടെയാണ് പൊന്നൂക്കരയിൽ എത്തിയത്.ഇതേ തുടർന്ന് രാത്രി ഒമ്പതോടെ പൊന്നൂക്കര മൈമ്പിള്ളി ക്ഷേത്രത്തിന് സമീപത്തെ വീടിനരികിൽ ജനപ്രതിനിധികൾ അടക്കമുള്ളആളുകൾ എത്തിത്തുടങ്ങി. എങ്കിലും പ്രദീപിന്റെ വീട്ടുകാരെ വിവരമറിയിക്കാതിരിക്കാൻ എല്ലാവരും ശ്രമിച്ചു.
സുഹൃത്തും അയൽവാസിയുമായ ശിവപ്രസാദിനോട് ഒരാഴ്ച മുമ്പാണ് പ്രദീപ് യാത്രപറഞ്ഞ് മടങ്ങിയത്. പൊന്നൂക്കരയിൽ വീടുപണിയുന്നതിന് ചെറിയൊരു സ്ഥലം വാങ്ങിയിരുന്നു. രണ്ടുവർഷംകൂടി കഴിഞ്ഞാൽ റിട്ടയർമെന്റാണ്. സേനയിൽ തുടരുന്നതിനെപ്പറ്റിയും സുഹൃത്തുക്കളോട് സൂചിപ്പിച്ചിരുന്നു. എന്തായാലും സ്വന്തം നാട് വിട്ടൊരു സ്ഥിരതാമസം പ്രദീപിന് താത്പര്യമുണ്ടായിരുന്നില്ലെന്ന് അടുപ്പമുള്ളവർ പറയുന്നു.
2002-ലാണ് പ്രദീപ് വ്യോമസേനയിൽ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. പിന്നീട് എയർ ക്രൂ ആയി. ഛത്തീസ്ഗഢിലെ മാവോയിസ്റ്റുകൾക്കെതിരായ ഓപ്പറേഷനുകൾ, ഉത്തരാഖണ്ഡിലും കേരളത്തിലും പ്രളയസമയത്തെ രക്ഷാപ്രവർത്തനം എന്നിവയിൽ പങ്കെടുത്തിട്ടുണ്ട്.
രാധാകൃഷ്ണൻ-കുമാരി ദമ്പതികളുടെ മകനാണ്. ശ്രീലക്ഷ്മിയാണ് ഭാര്യ. ദക്ഷിൺദേവ്, ദേവപ്രയാഗ് എന്നിവർ മക്കളാണ്. കുടുംബത്തോടൊപ്പം സുലൂർ എയർഫോഴ്സ് ക്വാർട്ടേഴ്സിലാണ് താമസം. തൃശൂർ പുത്തൂർ പൊന്നൂക്കര മൈമ്പിള്ളി ക്ഷേത്രത്തിന് സമീപമാണ് വീട്. പുത്തൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു പൂർത്തിയാക്കിയശേഷമാണ് എയർഫോഴ്സിൽ ചേർന്നത്. വെപ്പൺ ഫിറ്റർ ആയാണ് ആയാണ് ആദ്യനിയമനം. പിന്നീട് എയർ ക്രൂ ആയി തിരഞ്ഞെടുക്കപ്പെട്ടു.
Content Highlights: Ponnukkara village in Thrissur grieves loss of JWO Pradeep in deadly helicopter crash