ന്യൂഡൽഹി: ഇന്ത്യയ്ക്ക് ഏറ്റവും വലിയ സുരക്ഷാ വെല്ലുവിളി ഉയർത്തുന്നത് പാകിസ്താനല്ല, ചൈനയാണെന്നായിരുന്നു സംയുക്ത സേനാമേധാവി ബിപിൻ റാവത്തിന്റെ അവസാന പൊതുപ്രസ്താവന. ഒരു ഇംഗ്ലീഷ് ചാനൽ നവംബർ 13-ന് ഡൽഹിയിൽ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
2020 ജൂൺ 15-ന് കിഴക്കൻ ലഡാക്കിലെ ഗാൽവൻ താഴ്വരയിലടക്കമുണ്ടായ സൈനിക സംഘർഷത്തെ പ്രതിപാദിച്ച റാവത്ത് അയൽരാജ്യങ്ങൾ അടക്കം ഉയർത്തുന്ന ഏത് സുരക്ഷാ വെല്ലുവിളിയും നേരിടാൻ ഇന്ത്യ സർവസജ്ജമാണെന്ന് പറഞ്ഞിരുന്നു.
ഇനി ഗാൽവൻ ആവർത്തിച്ചാൽ അതേ നാണയത്തിൽത്തന്നെ മറുപടി നൽകും. ചൈനീസ് കടന്നു കയറ്റമുണ്ടായ സ്ഥലങ്ങളെല്ലാം മോചിപ്പിക്കാനുള്ള നടപടികൾ അവസാനഘട്ടത്തിലാണ്. ശൈത്യകാലം മറയാക്കി ചൈന നടത്താൻ സാധ്യതയുള്ള കടന്നുകയറ്റം തടയാൻ ആവശ്യമായ എല്ലാ സംവിധാനങ്ങളും അതിർത്തിയിൽ ഒരുക്കിക്കഴിഞ്ഞു. അതിർത്തിയിലെ തർക്കഭൂമിയിൽ ചൈനപ്പട്ടാളം എത്രകാലം തുടരുന്നുവോ അത്രയും കാലം ഇന്ത്യൻ സൈന്യവും പ്രതിരോധം തീർത്ത് നിലകൊള്ളുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
പ്രതിരോധമന്ത്രിയുൾപ്പെടെ റാവത്തിന്റെ വസതിയിൽ
ന്യൂഡൽഹി: സംയുക്ത സേനാമേധാവി ബിപിൻ റാവത്ത് ഉൾപ്പെടെ സഞ്ചരിച്ച കോപ്റ്റർ അപകടത്തിൽപ്പെട്ടെന്ന വാർത്ത പുറത്തുവന്നതിനുപിന്നാലെ ഡൽഹി സേനാഭവനുസമീപം കാമരാജ് മാർഗിലെ ബിപിൻ റാവത്തിന്റെ വസതിയിലേക്ക് രാഷ്ട്രീയ-സാമൂഹിക പ്രമുഖരും സുഹൃത്തുക്കളും സഹപ്രവർത്തകരുമടക്കം ഒട്ടേറെ പേരെത്തി.
ഈ സമയം അദ്ദേഹത്തിന്റെ ഇളയ മകൾ കൃതിക റാവത്തും ബന്ധുക്കളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മൂത്തമകൾ മുംബൈയിലായിരുന്നു.
പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, കരസേനാമേധാവി എം.എം.നരവണെ, ഉത്തരാഖണ്ഡ് മുൻമുഖ്യമന്ത്രി ടി.എസ്. റാവത്ത്, എം.വി. ശ്രേയാംസ് കുമാർ എം.പി. ഉൾപ്പെടെയുള്ളവർ കുടുംബാംഗങ്ങളെ സന്ദർശിച്ചു.
ഓടിയെത്തിയപ്പോൾ തീഗോളം, ഞെട്ടിത്തരിച്ച നിമിഷങ്ങൾ…
കാട്ടേരി (കുനൂർ): അതിഭീകരമായ പൊട്ടിത്തെറി … എന്തെന്ന് മനസ്സിലാവുംമുമ്പേ അഗ്നിഗോളവും വലിയ പുകച്ചുരുളുകളും ആകാശത്തേക്കുയർന്നു. ചിന്നിച്ചിതറിയ മൃതദേഹഭാഗങ്ങൾ മനസ്സിൽനിന്ന് മായുന്നില്ല -തലയ്ക്കുമുകളിൽ പൊട്ടിത്തെറിച്ച കോപ്ടറിൽനിന്ന് തെറിച്ചുവീണ മൃതദേഹ ഭാഗങ്ങൾ പെറുക്കിയെടുത്ത് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത കാട്ടേരിയിലെ ഫോറസ്റ്റ് വാച്ചർ ആർ. ലോകേശ്വരൻ കോപ്റ്റർ അപകടത്തിന്റെ അതിദാരുണ രംഗം ഓർത്തെടുക്കുകയാണ്.
കെ.എൻ.ആർ. തോട്ടംമുതൽ മൂടൽമഞ്ഞുമൂലം താഴ്ന്നാണ് കോപ്റ്റർ പറന്നത്. താഴ്ന്നുപറക്കുന്ന കോപ്റ്റർ പ്രദേശവാസികൾ കണ്ടിരുന്നു.
സാധാരണയിലും തീരേ താഴ്ന്നുവന്ന കോപ്ടർ മരത്തിലിടിച്ച് ആദ്യം ചെരിഞ്ഞു. ഇതിനിടെ കോപ്റ്ററിന്റെ ഒരുവാതിൽ ദൂരേക്ക് ഇളകിത്തെറിച്ചു. തീപിടിച്ച കോപ്റ്റർ ചെരിഞ്ഞതോടെ മൂന്നുപേർ പൊട്ടിയവാതിലിലൂടെ താഴെക്കുവീണു. ഇവരാണ് പൊള്ളലേറ്റനിലയിൽ കണ്ടെത്തിയവരെന്ന് ലോകേശ്വരൻ പറഞ്ഞു.
തത്ക്ഷണം മരിച്ച മറ്റുള്ളവരെല്ലാം കോപ്റ്ററിനൊപ്പം പൊട്ടിത്തെറിക്കയായിരുന്നു. 81 വീടുകളുള്ള കോളനിയിലെ വീടുകളിൽനിന്ന് ആളുകൾ പുറത്തേക്കോടിയെത്തിയപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു. ആർക്കും സ്ഥലത്തേക്ക് അടുക്കാനാവാത്ത സ്ഥിതിയായിരുന്നു. സേനാംഗങ്ങളുടെ കൈവശമുണ്ടായിരുന്ന ആയുധങ്ങളും കോപ്റ്ററിന്റെ ഭാഗങ്ങളും ഇടയ്ക്കിടെ പൊട്ടിത്തെറിച്ചുകൊണ്ടിരുന്നു. ഒരുമണിയോടെയാണ് തീ നിയന്ത്രണവിധേയമായത്. ഇതിനുശേഷമേ ലോകേശ്വരനടക്കമുള്ളവർക്ക് രക്ഷാപ്രവർത്തനം നടത്താനായുള്ളൂ .
ജീവനുണ്ടെന്ന് തിരിച്ചറിഞ്ഞവരെ ഉടൻതന്നെ അപകടസ്ഥലത്തുനിന്ന് ചുമന്ന് മലയിറക്കി. പിന്നീട് ആശുപത്രിയിലേക്ക് മാറ്റി. കുനൂർപോലീസ് സ്ഥലത്തെത്തിയശേഷമാണ് ലോകേശ്വരനും മറ്റുള്ളവരും മരിച്ചവരുടെ ശരീരഭാഗങ്ങൾ കണ്ടെടുത്ത് പൊതിഞ്ഞുകെട്ടി ആശുപത്രിയിലേക്ക് മാറ്റിയത്. മിക്ക മൃതദേഹങ്ങളും ചിന്നിച്ചിതറി തിരിച്ചറിയാൻപറ്റാത്ത തരത്തിലായിരുന്നെന്ന് ലോകേശ്വരൻ പറഞ്ഞു. മൂന്നരയോടെയാണ് സംഭവസ്ഥലത്തെ തീ പൂർണമായി അണച്ചത്.
content highlights:bipin rawat, nilgiri helicopter crash















