സംയുക്തസേനാ മേധാവി ബിപിൻ റാവത്തും ഭാര്യയും കൊല്ലപ്പെട്ടു
അപകടം ഉച്ചയ്ക്ക് 12.20ന് ഊട്ടിക്കടുത്ത് കാട്ടേരിയിൽ
കോയമ്പത്തൂർ> തമിഴ്നാട്ടിൽ ഊട്ടിക്ക് സമീപം കൂനൂരിൽ വ്യോമസേനാ ഹെലികോപ്റ്റർ തകർന്നുവീണ് രാജ്യത്തിന്റെ പ്രഥമ സംയുക്തസേനാ മേധാവിയും മുൻ കരസേന മോധാവിയുമായിരുന്ന ജനറൽ ബിപിൻ റാവത്തും (63) ഭാര്യ മധുലിക റാവത്തും ഉന്നത ഉദ്യോഗസ്ഥരുമടക്കം 13 പേർ കൊല്ലപ്പെട്ടു. 14 പേരായിരുന്നു ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. ഗുരുതരമായി പരിക്കേറ്റ ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺസിങിനെ വെല്ലിങ്ടണ്ണിലെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബുധൻ ഉച്ചയ്ക്ക് 12.20ന് നീലഗിരി ജില്ലയിലെ കാട്ടേരി-–-നഞ്ചപ്പൻചത്രം മേഖലയിലാണ് വ്യോമസേനയുടെ റഷ്യൻ നിർമിത എംഐ 17 വി5 ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടത്. മോശം കാലാവസ്ഥയാണ് അപകട കാരണമെന്നാണ് പ്രഥമ നിഗമനം. ഹെലികോപ്റ്റർ ആകാശത്തുവച്ച് വലിയ ശബ്ദത്തോടെ കത്തിയെന്നും കനത്ത മൂടൽമഞ്ഞ് ഉണ്ടായിരുന്നതായും ദൃക്സാക്ഷികൾ പറഞ്ഞു. മൃതദേഹങ്ങൾ തിരിച്ചറിയാത്ത വിധം കത്തിക്കരിഞ്ഞു. ഡിഎൻഎ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
കൂനൂർ വെല്ലിങ്ടണിലെ ഡിഫൻസ് സ്റ്റാഫ് കോളജിൽ സെമിനാറിൽ പങ്കെടുക്കാൻ കോയമ്പത്തൂർ സൂളൂർ വ്യോമസേന താവളത്തിൽനിന്നാണ് റാവത്തും സംഘവും പകൽ 11.47ന് യാത്ര തിരിച്ചത്. ലാൻഡിങ്ങിന് 10 കിലോമീറ്റർ അകലെയായിരുന്നു അപകടം. സംഭവത്തിൽ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചു. മൃതദേഹങ്ങൾ വ്യാഴം ഡൽഹിയിലെത്തിക്കും.
റാവത്തും ഭാര്യയുമടക്കം ഒൻപതംഗം സംഘം ഡൽഹിയിൽ നിന്ന് പ്രത്യേക വിമാനത്തിലാണ് സൂളൂരിൽ എത്തിയത്. ബ്രിഗേഡിയര് എല് എസ് ലിഡര്, ലെഫ്. കേണല് ഹര്ജീന്ദര് സിങ്, നായികുമാരായ ഗുരുസേവക് സിങ്, ജിതേന്ദ്രകുമാര്, ലാന്സ് നായികുമാരായ വിവേക് കുമാര്, ബി സായ് തേജ, ഹവില്ദാര് സത്പാല് എന്നിവരാണ് ഒപ്പമുണ്ടായിരുന്നത്. ഗ്രൂപ്പ് ക്യാപ്ടൻ വരുൺ സിങ് അടക്കം അഞ്ചുപേർകൂടി ഉൾപ്പെട്ട സംഘമാണ് സുലൂരിൽനിന്ന് ഹെലികോപ്റ്ററിൽ പുറപ്പെട്ടത്. നാല് സൈനികരുടെ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
ഹെലികോപ്റ്ററിൽ തീപടർന്നത് രക്ഷാപ്രവർത്തനത്തെ ബാധിച്ചു. ഹെലികോപ്റ്റർ പൂർണമായും കത്തിനശിച്ചു. ഒറ്റപ്പെട്ട പ്രദേശത്തുണ്ടായിരുന്ന രണ്ട് വീടുകൾ അപകടത്തിൽ ഭാഗീകമായി തകർന്നു.
മൃതദേഹങ്ങളെല്ലാം കത്തിക്കരിഞ്ഞ നിലയിലായിരുന്നു. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും കരസേനാ മേധാവി എം എം നരെവനെയും റാവത്തിന്റെ ഡൽഹിയിലെ വീട് സന്ദർശിച്ചു.
അപകടത്തിന്റെ വിശദവിവരം പ്രതിരോധ മന്ത്രി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ധരിപ്പിച്ചു. അപകട വിവരമറിഞ്ഞതിനു പിന്നാലെ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ഔദ്യോഗിക പരിപാടികൾ റദ്ദാക്കി. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അപകടകസ്ഥലം സന്ദർശിച്ചു.
2016 ഡിസംബറിലാണ് കരസേനാ മേധാവിയായി ജനറൽ ബിപിൻ റാവത്ത് നിയമിതനായത്. 2020 ജനുവരിയിൽ രാജ്യത്തിന്റെ ആദ്യ സംയുക്തസേനാ മേധാവിയായി. പരംവിശിഷ്ട സേവാ മെഡൽ, ഉത്തം യുദ്ധസേവാ മെഡൽ, അതിവിശിഷ്ട സേവാ മെഡൽ തുടങ്ങി നിരവധി പുരസ്കാരങ്ങൾക്ക് അർഹനായി.