ന്യൂഡൽഹി> കരസേനാമേധാവിയായും ആദ്യ ചീഫ് ഓഫ് ഡിഫെൻസ് സ്റ്റാഫായും (സിഡിഎസ്) സേവനമനുഷ്ഠിച്ച ജനറൽ ബിപിൻറാവത്ത് രാഷ്ട്രീയപ്രസ്താവനകൾ നടത്താൻ മടിക്കാത്ത സൈനികഉദ്യോഗസ്ഥനായിരുന്നു. ഉന്നത സൈനികപദവികൾ വഹിക്കുന്ന ഉദ്യോഗസ്ഥർ രാഷ്ട്രീയത്തിൽ നിന്നും വിട്ടുനിൽക്കണമെന്ന ധാരണ തിരുത്തുന്ന നിരവധി പരാമർശങ്ങൾ അദ്ദേഹം നടത്തി.
സ്വഭാവികമായും വിവാദങ്ങൾ അദ്ദേഹത്തെ നിഴൽ പോലെ പിന്തുടർന്നു.
2016 ഡിസംബറിൽ സീനിയോറിറ്റി മറികടന്ന് ബിപിൻ റാവത്തിനെ കരസേനാമേധാവിയായി നിയമിച്ചതോടെ വിവാദങ്ങൾ തുടങ്ങി. മുതിർന്ന ലെഫ്.ജനറൽമാരായ പ്രവീൺബക്ഷി, മലയാളിയായ പി എം ഹാരീസ് എന്നിവരെ മറികടന്നായിരുന്നു നിയമനം. 2020 ജനുവരിയിൽ രാജ്യത്തിന്റെ ആദ്യ സിഡിഎസ് ആയി ബിപിൻറാവത്ത് നിയമിതനായി.
2017ൽ കശ്മീരി പൗരനെ ജീപ്പിന് മുന്നിൽ കെട്ടിവെച്ച മേജർ ലീതുൾ ഗൊഗൊയ്യെ ന്യായീകരിച്ച ബിപിൻറാവത്തിന്റെ പ്രസ്താവന വലിയ ചർച്ചയായിരുന്നു. ‘കശ്മീരിൽ ഇന്ത്യൻ സേനയ്ക്ക് വൃത്തികെട്ട യുദ്ധമാണ് നേരിടേണ്ടി വരുന്നത്. പ്രതിരോധിക്കാൻ പുതിയ വഴികൾ തേടേണ്ടി വരും’ –-ബിപിൻറാവത്ത് അന്ന് പ്രതികരിച്ചു. അസമിലെ ഓൾ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക്ക് ഫ്രണ്ട് (എഐയുഡിഎഫ്) ബിജെപിയേക്കാൾ പടർന്നുപന്തലിച്ചെന്ന ബിപിൻറാവത്തിന്റെ 2018 ഫെബ്രുവരിയിലെ പ്രസ്താവനയ്ക്ക് എതിരെയും പ്രതിഷേധം ശക്തമായിരുന്നു.
സൈന്യത്തിന്റെ മുൻനിരയിലേക്ക് വനിതകളെ കൊണ്ടുവരുന്നതിനോട് ബിപിൻറാവത്ത് വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു.
സ്ത്രീകൾ കമാണ്ടർമാരായാൽ ഉൾനാടൻ ഗ്രാമങ്ങളിൽ നിന്നുള്ള സൈനികർ ബഹുമാനിക്കാൻ തയ്യാറാകില്ലെന്ന് അദ്ദേഹം 2018 ഡിസംബറിൽ ഒരഭിമുഖത്തിൽ പറഞ്ഞു.
സിഡിഎസ് സ്ഥാനമേറ്റെടുക്കുന്നതിന് മുമ്പ് പൗരത്വനിയമഭേദഗതിക്ക് എതിരായ പ്രതിഷേധങ്ങളെ വിമർശിച്ച് ബിപിൻറാവത്ത് രംഗത്തെത്തി. ‘നേതാക്കൾ ജനങ്ങളെ തെറ്റായ വഴിയിൽ നയിക്കുന്നു. സർവ്വകലാശാല, കോളേജ് വിദ്യാർഥികൾ കൊള്ളിവെപ്പും സംഘർഷവും ഉണ്ടാക്കാൻ ആൾക്കൂട്ടത്തെ പ്രേരിപ്പിക്കുന്നു. ’–-ബിപിൻറാവത്ത് കുറ്റപ്പെടുത്തി. ഒടുവിൽ, വ്യോമസേനയ്ക്ക് ‘സഹായഹസ്ത’ത്തിന്റെ ദൗത്യമേ നിർവഹിക്കാനുള്ളുവെന്ന ബിപിൻറാവത്തിന്റെ പരാമർശവും വിവാദത്തിന് തിരികൊളുത്തി.
ചരിത്രത്തിൽ ഇടംപിടിച്ച്
ആദ്യ സംയുക്തസേനാമേധാവി
സൈനികവിഷയങ്ങളിൽ കേന്ദ്രസർക്കാരിന്റെ സിംഗിൾ പോയിന്റ് അഡ്വസൈറാണ് സംയുക്ത സേനാമേധാവി (സിഡിഎസ്). മൂന്ന് സേനാവിഭാഗങ്ങളെയും ഏകോപിപ്പിക്കുക, പ്രതിരോധമന്ത്രാലയത്തിന് നിർണായക ഉപദേശങ്ങൾ നൽകുക, ആയുധസംഭരണ നടപടിക്രമങ്ങൾ രൂപീകരിക്കുക തുടങ്ങിയ സുപ്രധാനചുമതലകളാണ് സിഡിഎസ് വഹിച്ചിരുന്നത്.
കാർഗിൽ യുദ്ധത്തിന് പിന്നാലെ സിഡിഎസ് പദവി ഉണ്ടാക്കണമെന്ന് വിദഗ്ധസമിതി ശുപാർശ ചെയ്തിരുന്നു. രണ്ട് പതിറ്റാണ്ടിന് ശേഷം ശുപാർശ യാഥാർഥ്യക്കാൻ മോഡി സർക്കാർ തീരുമാനിച്ചപ്പോൾ ബിപിൻ റാവത്തിനായിരിക്കും നറുക്കുവീഴുകയെന്ന ഏവർക്കും ഉറപ്പായിരുന്നു.