തിരുവനന്തപുരം
സംസ്ഥാനത്ത് 32 തദ്ദേശസ്ഥാപന വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് മിന്നുംവിജയം. 17 സീറ്റിലും എൽഡിഎഫ് വിജയിച്ചപ്പോൾ യുഡിഎഫ് പതിമൂന്നിൽ ഒതുങ്ങി. ഒരു സീറ്റിൽ ബിജെപിയും ഒരു സീറ്റിൽ സ്വതന്ത്രനും വിജയിച്ചു. യുഡിഎഫിന്റെ മൂന്ന് സിറ്റിങ് സീറ്റ് എൽഡിഎഫ് പിടിച്ചെടുത്തു. എൽഡിഎഫ് ഭൂരിപക്ഷവും വർധിപ്പിച്ചു. തെരഞ്ഞെടുപ്പ് നടന്ന മൂന്ന് ജില്ലാ പഞ്ചായത്ത് ഡിവിഷനിലും രണ്ട് കോർപറേഷൻ വാർഡിലും നാല് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിലും എൽഡിഎഫ് വിജയിച്ചു.
തിരുവനന്തപുരം കോർപറേഷനിലെ വെട്ടുകാട് വാർഡിൽ ക്ലൈനസ് റൊസാരിയോയും കൊച്ചി കോർപറേഷനിലെ ഗാന്ധിനഗർ വാർഡിൽ ബിന്ദു ശിവനും വൻഭൂരിപക്ഷത്തിൽ വിജയിച്ചു. കോഴിക്കോട് ജില്ലാ പഞ്ചായത്തിലെ നന്മണ്ട ഡിവിഷനിൽ റസിയ തോട്ടായിയും പാലക്കാട് ശ്രീകൃഷ്ണപുരം ഡിവിഷനിൽ കെ ശ്രീധരനും ആലപ്പുഴ അരൂരിൽ അനന്തു രമേശനും വിജയിച്ചു. തിരുവനന്തപുരം പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിൽ മലയിൽക്കോണം സുനിലും ചിറയിൻകീഴ് ബ്ലോക്ക് ഇടയ്ക്കോട് ഡിവിഷനിൽ ആർ പി നന്ദുരാജും പാലക്കാട് കുഴൽമന്ദം ബ്ലോക്ക് ഡിവിഷനിൽ ഇ സോമദാസും തൃശൂർ മതിലകം ബ്ലോക്ക് അഴീക്കോട് ഡിവിഷനിൽ നൗഷാദ് കറുകപ്പാടത്തും വിജയിച്ചു.
മൂന്ന് നഗരസഭാ വാർഡിൽ ഒരിടത്ത് എൽഡിഎഫ് വിജയിച്ചപ്പോൾ രണ്ട് സീറ്റ് യുഡിഎഫ് നിലനിർത്തി. 20 പഞ്ചായത്ത് വാർഡിൽ എൽഡിഎഫ് ഏഴിടത്തും യുഡിഎഫ് 11 ഇടത്തും വിജയിച്ചു.
പിറവം നഗരസഭ 14––ാം വാർഡിൽ എൽഡിഎഫ് സ്ഥാനാർഥി ഡോ. അജേഷ് മനോഹർ വിജയിച്ചു. ഇവിടെ എൽഡിഎഫ് ഭരണം ഉറപ്പിച്ചു. ഇരിങ്ങാലക്കുടയിലും (മിനി ജോസ്) കാഞ്ഞങ്ങാട്ടും (കെ കെ ബാബു) യുഡിഎഫ് സീറ്റ് നിലനിർത്തി. തിരുവനന്തപുരം വിതുര, കണ്ണൂർ എരുവേശി, കോട്ടയം കാണക്കാരി പഞ്ചായത്തുകളിലാണ് യുഡിഎഫിന്റെ സിറ്റിങ് സീറ്റ് എൽഡിഎഫ് പിടിച്ചെടുത്തത്.
ഇടുക്കി ഇടമലക്കുടി പഞ്ചായത്തിൽ ഒരു വോട്ടിന് ബിജെപി സ്ഥാനാർഥി വിജയിച്ചു. തൃശൂർ കടപ്പുറം പഞ്ചായത്തിൽ എൽഡിഎഫ് സിറ്റിങ് സീറ്റിൽ യുഡിഎഫ് ജയിച്ചു. പാലക്കാട് അരീക്കോട് പഞ്ചായത്തിൽ യുഡിഎഫിന്റെ സിറ്റിങ് സീറ്റിൽ സ്വതന്ത്രൻ വിജയിച്ചു. കൊല്ലം തേവലക്കര പഞ്ചായത്തിൽ ബിജെപിയുടെ സിറ്റിങ് സീറ്റ് യുഡിഎഫ് പിടിച്ചെടുത്തു.