ന്യൂഡൽഹി
ഉത്തർപ്രദേശിൽ പ്രായപൂർത്തിയാകാത്ത 17 വിദ്യാർഥിനികളെ സ്കൂൾ പ്രിൻസിപ്പൽ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചു. മുസഫർനഗർ പുർകാസിയിലെ സ്കൂളിലെ 10–-ാം ക്ലാസ് വിദ്യാർഥിനികളാണ് പീഡനത്തിന് ഇരയായത്. അടുത്ത ദിവസത്തെ പ്രാക്ടിക്കൽ പരീക്ഷയ്ക്കെന്ന പേരിൽ നവംബർ 18നു രാത്രി വിദ്യാർഥിനികളെ സ്കൂളിൽ താമസിപ്പിച്ചാണ് പീഡിപ്പിച്ചത്.
രാത്രി സമീപത്തെ മറ്റൊരു സ്വകാര്യ സ്കൂളിലേക്ക് വിദ്യാർഥിനികളെ പ്രിൻസിപ്പലായ യോഗേഷ് കൊണ്ടുപോയി. ആ സ്കൂളിന്റെ ഉടമയുടെ സഹായത്തോടെ വിദ്യാർഥിനികൾക്ക് ഭക്ഷണത്തിൽ മയക്കുമരുന്ന് നൽകി. കഞ്ഞി കഴിച്ചയുടൻ ബോധം നഷ്ടപ്പെട്ടെന്ന് ഒരു വിദ്യാർഥിനി പറഞ്ഞു. ശാരീരിക പീഡനങ്ങൾക്ക് ഇരയായെന്ന് മനസ്സിലാക്കിയ വിദ്യർഥിനികൾ മാതാപിതാക്കളോട് പറഞ്ഞതിനെത്തുടർന്ന് പരാതി നൽകി. സംഭവം മറച്ചുവച്ച പൊലീസ് വലിയ സമ്മർദത്തെത്തുടർന്നാണ് കേസെടുക്കാൻ തയ്യാറായത്. എംഎൽഎയും ചില രാഷ്ട്രീയനേതാക്കളും ഇടപെട്ടു. പോക്സോവകുപ്പ് അടക്കം ചുമത്തി. പ്രതികളിൽ ഒരാളെ അറസ്റ്റുചെയ്തതായി പൊലീസ് അറിയിച്ചു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ കുട്ടികളാണ് പീഡിപ്പിക്കപ്പെട്ടവരിൽ അധികവും. പരാതി പിൻവലിക്കാൻ കടുത്ത സമ്മർദമുണ്ട്.