തിരുവനന്തപുരം
മുല്ലപ്പെരിയാർ അണക്കെട്ടിൽനിന്ന് തമിഴ്നാട് രാത്രിയിൽ വൻതോതിൽ വെള്ളം തുറന്നുവിടുന്നതിനെതിരെ കേരളം സുപ്രീംകോടതിയെ സമീപിക്കും. വിഷയത്തിൽ ഇടക്കാല ഉത്തരവ് ആവശ്യപ്പെട്ട് ബുധനാഴ്ച ഹർജി സമർപ്പിക്കുമെന്ന് ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. കേസിൽ സർക്കാർ ജാഗ്രത പുലർത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ജലനിരപ്പ് 141.90 അടിയായി
ചൊവ്വ രാവിലെ ഏഴിന് അണക്കെട്ടിലെ ജലനിരപ്പ് 141.90 അടിയായിരുന്നു. തിങ്കൾ രാത്രി 8.30ന് ഒമ്പത് ഷട്ടർ 120 സെന്റിമീറ്റർ വീതം ഉയർത്തി 12,654 ഘനയടി വെള്ളം പെരിയാറിലേക്ക് ഒഴുക്കിയിരുന്നു.
രാത്രിയിൽ ആവശ്യമായ മുന്നറിയിപ്പില്ലാതെ വലിയതോതിൽ വെള്ളം തുറന്നുവിട്ടതിനെ തുടർന്ന് വള്ളക്കടവ്, കറുപ്പുപാലം, മഞ്ജുമല, ആറ്റോരം എന്നിവിടങ്ങളിൽ നിരവധി വീടുകളിൽ വെള്ളം കയറി. തിങ്കൾ രാത്രിക്കും ചൊവ്വ രാവിലെ ഏഴിനുമിടയിൽ ഒന്നൊഴികെ എല്ലാ ഷട്ടറും അടച്ചു. തമിഴ്നാടിന് തേക്കടി കനാൽ ഷട്ടറിലൂടെ സെക്കൻഡിൽ 2300 ഘനയടി വെള്ളം കൊണ്ടുപോകാം. എന്നാൽ, ദിവസങ്ങളായി 1800 ഘനയടി മാത്രമാണ് കൊണ്ടുപോകുന്നത്.