ന്യൂഡൽഹി
പ്രശസ്ത അസമീസ് കവി നീൽമണി ഫൂക്കനും കൊങ്ങിണി എഴുത്തുകാരൻ ദാമോദർ മൗസോയ്ക്കും ജ്ഞാനപീഠം പുരസ്കാരം. 56–-ാമത്തെയും 57–-ാമത്തെയും പുരസ്കാരങ്ങളാണ് ഒന്നിച്ച് പ്രഖ്യാപിച്ചത്.
അസമീസ് കാവ്യശാഖയിലെ ആധുനിക പ്രതീകാത്മക കവികളിൽ പ്രധാനിയാണ് നീൽമണി ഫൂക്കൻ ജൂനിയർ. 1981ൽ സാഹിത്യഅക്കാദമി അവാർഡും 1990ൽ പത്മശ്രീയും 2002ൽ സാഹിത്യഅക്കാദമി ഫെലോഷിപ്പും ലഭിച്ചു. സൂര്യഹേനോ നാമിആഹേ നദിയെദി (നദിയിലേക്ക് ഇറങ്ങുന്ന സൂര്യൻ), ഫുലി താക്കാ സൂര്യമുഖി ഫുൽതോർ ഫാലേ (വിരിഞ്ഞ സൂര്യകാന്തിപ്പൂവിലേക്ക്), കബിത തുടങ്ങിയവ പ്രധാനകൃതികൾ.
ഗോവയിലെ പ്രശസ്തനായ ചെറുകഥാകൃത്തും നോവലിസ്റ്റും തിരക്കഥാകൃത്തും സാമൂഹ്യപ്രവർത്തകനുമാണ് ദാമോദർ മൗസോ. ഗോവയുടെ സംസ്ഥാനപദവിയ്ക്കായും കൊങ്ങിണിക്ക് ഔദ്യോഗിക ഭാഷാപദവിയ്ക്കായും പോരാടി. 2015ൽ പ്രൊഫ. കലബുർഗി കൊല്ലപ്പെട്ടതിനെ തുടർന്ന് പ്രതിഷേധങ്ങള്‍ക്ക് നേതൃത്വംനല്കി. ദാമോദർ മൗസോയെ ഹിന്ദുത്വതീവ്രവാദ സംഘടനയായ സനാതൻ സൻസ്ത വധിക്കാൻ പദ്ധതിയിട്ടതായി പൊലീസ് കണ്ടെത്തി. കാർമേലിൻ, തെരേസാസ് മാൻ ആൻഡ് അദർ സ്റ്റോറീസ് ഫ്രം ഗോവ തുടങ്ങിയവ പ്രധാനകൃതികൾ.
2019ൽ കവി അക്കിത്തത്തിനായിരുന്നു പുരസ്കാരം. പ്രതിഭ റായ് അധ്യക്ഷയായ സമിതിയാണ് പുരസ്കാരം നിർണയിച്ചത്. സമിതിയിൽ കവി പ്രഭാവർമ്മ അംഗമാണ്.