ന്യൂഡൽഹി
സൈന്യത്തിനും അർധസൈനിക വിഭാഗങ്ങൾക്കും പ്രത്യേകാധികാരം നൽകുന്ന നിയമം ‘അഫ്സ്പ’ പിൻവലിക്കാന്‍ കേന്ദ്രത്തിന് കത്തുനൽകാൻ നാഗാലാൻഡ് മന്ത്രിസഭയുടെ അടിയന്തരയോഗം തീരുമാനിച്ചു. സൈനിക നടപടിയിൽ 14 ഗ്രാമീണർ കൊല്ലപ്പെട്ടതില്‍ ജനകീയസമ്മര്‍ദ്ദം ശക്തായതോടെയാണിത്. വിദേശ സഞ്ചാരികളെയടക്കം ആകർഷിക്കുന്ന ഹോൺബിൽ മേള സര്‍ക്കാര്‍ നിര്‍ത്തിവച്ചു.
വാറന്റ് ഇല്ലാതെ ആരെയും അറസ്റ്റുചെയ്യാനും റെയ്ഡ് ചെയ്യാനും വേണമെങ്കിൽ കൊല്ലാനും സൈന്യത്തിന് അധികാരം നൽകുന്ന നിയമമാണ് അഫ്സ്പ എന്ന് നാഗാലാൻഡ് മുഖ്യമന്ത്രിയും എൻഡിപിപി നേതാവുമായ നെയ്ഫ്യു റിയോ പറഞ്ഞു. ക്രമസമാധാന പ്രശ്നം സൃഷ്ടിച്ച സുരക്ഷാ സേനയ്ക്കെതിരെ നടപടിയുണ്ടായിട്ടില്ല. രാജ്യത്തിന്റെ പ്രതിച്ഛായയിൽ കറുത്ത അടയാളമാണ് ഈ നിയമമെന്നും കൊല്ലപ്പെട്ടവരുടെ സംസ്കാര ചടങ്ങിൽ മുഖ്യമന്ത്രി പറഞ്ഞു.
ബിജെപിക്ക് ഭരണപങ്കാളിത്തമുള്ള നാഗാലാൻഡ് സർക്കാരിന്റെ നിലപാട് ദേശീയതലത്തിൽ ബിജെപിക്ക് പ്രതിസന്ധിയാകും. മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാങ്മയും അഫ്സ്പ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍, കേന്ദ്ര സർക്കാർ അഫ്സ്പ തുടരണമെന്ന പിടിവാശിയിലാണ്. വരുംദിനങ്ങളില്‍ ഈ വൈരുധ്യം ബിജെപിയ്ക്കുള്ളില്‍ പൊട്ടിത്തെറിയാകും.