ദിസ്പുർ
അസമിൽ മാധ്യമപ്രവർത്തകനുനേരെ രാജ്യദ്രോഹക്കുറ്റം ചുമത്തി പൊലീസ്. അനിർബൻ റോയ് ചൗധരിയാണ് ശനിയാഴ്ച അറസ്റ്റിലായത്. അസം ഔദ്യോഗിക ഭാഷ ഭേദഗതി നിയമം 1961 ന്റെ ലംഘനം ചൂണ്ടിക്കാട്ടിയതിന് അഭിഭാഷകനായ പ്രദീപ് ദത്ത റോയിയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് ലേഖനമെഴുതിയതിനാണ് കേസ്. പ്രാദേശിക വാർത്താ വെബ്സൈറ്റായ ബറക് ബുള്ളറ്റിനിൽ എഴുതിയ ലേഖനവുമായി ബന്ധപ്പെട്ട് ശന്തനു സുത്രധാർ എന്നയാളാണ് പരാതി നൽകിയത്.
സർക്കാർ പോസ്റ്ററുകളിൽ അസമീസ് ഭാഷമാത്രം ഉപയോഗിക്കുന്നതിനെ മുതിർന്ന അഭിഭാഷകൻ പ്രദീപ് ദത്ത റോയി സ്ഥാപിച്ച പാർടി ബറക് ഡെമോക്രാറ്റിക് ഫ്രണ്ടിന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്തിരുന്നു. തുടർന്ന്, പോസ്റ്റർ മറ്റുഭാഷകളിലും ഇറക്കി. പക്ഷേ, പ്രദീപ് ദത്ത റോയിയെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. ഇതിനെ വിമർശിച്ചുകൊണ്ടായിരുന്നു അനിർബൻ റോയ് ചൗധരിയുടെ ലേഖനം. സംഭവത്തെ ബരക് താഴ്വരയിലെ മാധ്യമപ്രവർത്തകർ അപലപിച്ചു.