ന്യൂഡൽഹി
ഒമിക്രോൺ വ്യാപനഭീതി നിലനിൽക്കുമ്പോഴും കോവിഡ് വാക്സിൻ ബൂസ്റ്റർ ഡോസിന്റെയോ അഡീഷണൽ ഡോസിന്റെയോ കാര്യത്തിൽ തീരുമാനമെടുക്കാനാകാതെ കേന്ദ്ര സർക്കാർ. 18 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് വാക്സിൻ നൽകുന്നതിലും തീരുമാനം നീളുന്നു. പ്രതിരോധ കുത്തിവയ്പിനായുള്ള ദേശീയ സാങ്കേതിക ഉപദേശക സമിതി (എൻടിഎജിഐ) കഴിഞ്ഞ ദിവസം യോഗംചേർന്നെങ്കിലും അഡീഷണൽ ഡോസിന്റെ കാര്യത്തിലും 18 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് വാക്സിൻ നൽകുന്നതിലും സമവായത്തിലെത്താനായില്ല. ആരോഗ്യ പ്രവർത്തകർക്കും മുൻനിര പ്രവർത്തകർക്കും ബൂസ്റ്റർ ഡോസ് നൽകുന്ന വിഷയം അജൻഡയിലുണ്ടായിരുന്നില്ല. എന്നാൽ, ഈ വിഷയങ്ങളിൽ വൈകാതെ സമഗ്രമായ നിർദേശം ഉപദേശകസമിതി മുന്നോട്ടുവയ്ക്കുമെന്ന് എൻടിഎജിഐ വൃത്തങ്ങൾ അറിയിച്ചു.
പ്രതിരോധശേഷി കുറഞ്ഞവർക്ക് സാധാരണനിലയിൽ പ്രതിരോധശേഷിയുള്ളവർക്ക് തുല്യമായി പ്രതിരോധം ഉയർത്തുന്നതിനാണ് അനുബന്ധവാക്സിന് ഡോസ് നല്കുന്നത്. ഇത് ആദ്യം നൽകിയ വാക്സിൻ ഡോസിന്റെ അതേ അളവിൽ തന്നെയാകും. ആരോഗ്യപ്രവർത്തകർ, മുൻനിര പ്രവർത്തകർ തുടങ്ങി കോവിഡ് വേഗത്തിൽ പിടിപെടാൻ സാധ്യതയുള്ളവർക്ക് വാക്സിൻ പ്രതിവസ്തു കുറഞ്ഞുതുടങ്ങുന്ന ഘട്ടത്തിൽ നൽകുന്നതാണ് ബൂസ്റ്റർ ഡോസ്. ഇത് ആദ്യം നൽകിയ വാക്സിൻ ഡോസിന്റെ അതേ അളവിലാകില്ല. ആരോഗ്യപ്രവർത്തകർക്കും മറ്റും കോവിഡ് വാക്സിൻ ബൂസ്റ്റർ ഡോസ് നൽകണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.
കുട്ടികൾക്ക് വാക്സിൻ: തീരുമാനം വേഗത്തിൽ വേണമെന്ന് ഐഎംഎ
12–-18 പ്രായപരിധിയിലുള്ള കുട്ടികൾക്ക് കോവിഡ് വാക്സിൻ നൽകുന്ന കാര്യത്തിൽ വേഗത്തിൽ തീരുമാനമുണ്ടാകണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ആവശ്യപ്പെട്ടു. ആരോഗ്യപ്രവർത്തകർക്കും മുൻനിര പ്രവർത്തകർക്കും ബൂസ്റ്റർ ഡോസ് നൽകുന്നതിലും തീരുമാനമുണ്ടാകണം. ആവശ്യമായ മുൻകരുതൽ നടപടി സ്വീകരിച്ചില്ലെങ്കിൽ രാജ്യത്ത് മൂന്നാം വ്യാപനമുണ്ടാകും. ഒമിക്രോണിന് കൂടുതൽ വ്യാപനശേഷിയുണ്ടെന്നും കൂടുതൽ പേരെ ബാധിക്കാമെന്നുമാണ് ഇതുവരെയുള്ള ശാസ്ത്രീയ തെളിവുകളും അനുഭവങ്ങളും ബോധ്യപ്പെടുത്തുന്നത്–- ഐഎംഎ പറഞ്ഞു.
ഘാനയും താൻസാനിയയും ഒമിക്രോൺ പട്ടികയിൽ
ഒമിക്രോൺ വ്യാപനസാധ്യതയുള്ള രാജ്യങ്ങളുടെ പട്ടികയിൽനിന്ന് ഇന്ത്യ ബംഗ്ലാദേശിനെ ഒഴിവാക്കി. ഘാന, താൻസാനിയ എന്നീ ആഫ്രിക്കൻ രാജ്യങ്ങളെ ഉൾപ്പെടുത്തി. സാധ്യതാ രാജ്യങ്ങളിൽനിന്ന് എത്തുന്നവർക്ക് ആർടിപിസിആർ നിർബന്ധം. യൂറോപ്യൻ യൂണിയൻ രാജ്യങ്ങളും മറ്റ് 13 രാജ്യവുമാണ് നിലവിൽ വ്യാപനസാധ്യതാ പട്ടികയിലുള്ളത്. ഇന്ത്യയടക്കം വ്യാപനസാധ്യതയുള്ള രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് യുകെ 48 മണിക്കൂറിനുള്ളിലെടുത്ത നെഗറ്റീവ് ആർടിപിസിആർ പരിശോധനാ ഫലം നിർബന്ധമാക്കി. കോവിഡ് വ്യാപനം മുൻനിർത്തി 2021ലെ സെൻസസും അനുബന്ധ ഫീൽഡ് പ്രവർത്തനങ്ങളും മാറ്റിവച്ചെന്ന് സർക്കാർ പാർലമെന്റിനെ അറിയിച്ചു.